റിസർവേഷനില്ലാതെ കയറിയാൽ കുടുങ്ങും; പരിശോധന കർശനമാക്കി റെയിൽവെ

Share our post

കണ്ണൂർ : ട്രെയിനുകളിൽ ജനറൽ ടിക്കറ്റ്‌ യാത്രക്കാർ റിസർവേഷൻ കോച്ചുകൾ കൈയേറുന്ന പരാതി കൂടിയതോടെ പരിശോധന കർശനമാക്കി പാലക്കാട്‌ ഡിവിഷൻ. തിരക്ക്‌ കൂടുതലുള്ളതും നിരന്തരം പരാതികൾ ഉയരുന്നതുമായ ട്രെയിനുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും (ആർ.പിഎഫ്) വാണിജ്യ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത ടീമുകൾ കർശന പരിശോധന ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് പരിശോധന കർശനമാക്കിയതെന്ന്‌ റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം സെൻട്രൽ- മുംബൈ എൽ.ടി.ടി നേത്രാവതി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ മെയിൽ, മംഗളൂരു സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ മലബാർ, മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ മാവേലി, കണ്ണൂർ- യശ്വന്ത്പൂർ, മംഗളൂരു സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, മംഗളൂരു സെൻട്രൽ- സന്ത്രഗാച്ചി വിവേക് പ്രതിവാര എക്സ്പ്രസ് തുടങ്ങിയവയിലാണ്‌ പ്രത്യേക പരിശോധന.  അനധികൃത യാത്രക്കാരെ മാറ്റി റിസർവ്‌ ചെയ്‌ത യാത്രക്കാർക്ക്‌ സീറ്റ്‌ ഉറപ്പുവരുത്തണമെന്ന കർശന നിർദേശമാണ്‌ ഡിവിഷണൽ സുരക്ഷാ കമീഷണർ നൽകിയത്‌. പല ട്രെയിനുകളിലും ജനറൽ കോച്ചുകൾ ഒറ്റയടിക്ക്‌ ഒഴിവാക്കയത്‌ മലബാറിൽ യാത്രാദുരിതം കൂട്ടിയെങ്കിലും ഇതിന്‌ പരിഹാരം കാണാതെയാണ്‌ കർശന പരിശോധന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!