ആടുജീവിതം പത്ത് വരിയിലാക്കി; വൈറലായി നന്മ തേജസ്വിനി

Share our post

വടകര : ‘വെറുതെ വായിച്ച് സമയം കളഞ്ഞു….. ഇത്ര സിംപിളാണോ ബെന്യാമിൻ്റെ ആടു ജീവിതം’. ആടു ജീവിതത്തിൻ്റെ മുഴുവൻ കഥയും പാട്ടു സഹിതം പത്ത് വരിയിലാക്കി എഴുതി സമൂഹ മാധ്യമങ്ങളിൽ വൈറലായി നന്മ തേജസ്വിനി. മന്തരത്തൂർ എം.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ചെരണ്ടത്തൂർ സ്വദേശി ആഷാഡത്തിൽ സുനിൽ-ആശാലത ദമ്പതികളുടെ മകൾ നന്മ തേജസ്വിനി. അധ്യാപകനായ സുനിൽ വായിച്ച കഥയെ കുറിച്ചോ കണ്ട സിനിമയെ കുറിച്ചോ ക്ലാസിൽ എഴുതാൻ ആവശ്യപ്പെട്ടപ്പോഴാണ് നന്മ ഇങ്ങനെ എഴുതിയത്.

‘ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു. ഒരു നാള് നജീബ് ദുബായിൽ പോയി. അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു. നജീബ് ആടിൻ്റെ പുല്ലും ആടിൻ്റെ വെള്ളവും കുടിച്ചു ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ടുപോയി. പെരിയോനെ റഹ്മാനെ പെരിയോനെ റഹിം’ എന്നാണ് സിംപിളായി നോട്ടു ബുക്കിൽ നന്മ തേജസ്വിനി എഴുതിയത്. 

നോവലിൻ്റെ മുഴുവൻ കഥയും ഒറ്റ പേജിൽ ഒരുക്കിയത് അധ്യാപകരിൽ മറ്റൊരാൾ ഫേസ്ബുക്കിൽ പങ്കുവെച്ചു. നോട്ടു ബുക്കിൽ നന്മ എഴുതിയ കഥയുടെ ചിത്രം ബെന്യാമിനും സോഷ്യൽ മീഡിയയിൽ ‘ഇത്രയേ ഉള്ളൂ’ എന്ന് പങ്കുവെച്ചിട്ടുണ്ട്. പാട്ടുപാടാൻ ഇഷ്ടമുള്ള നന്മ തേജസ്വിനി സ്കൂളിൽ കലാപരിപാടികളിലും പങ്കെടുക്കാറുണ്ട്. സംയഗ് സഹോദരനാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!