ഇനി ‘കോളനി’ വേണ്ട; ഉത്തരവിറക്കി മന്ത്രി കെ.രാധാകൃഷ്ണൻ പടിയിറങ്ങി

തിരുവനന്തപുരം : പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളെ കോളനി എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കാൻ തീരുമാനം. എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടതോടെ പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ വികസന മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുമ്പാണ് കെ. രാധാകൃഷ്‌ണൻ ചരിത്രപരമായ ഉത്തരവിറക്കിയത്.
‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്നീ പേരുകൾക്ക് പകരമായി ‘നഗർ’, ‘ഉന്നതി’, ‘പ്രകൃതി’ എന്നീ പേരുകൾ ഉപയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു. അതല്ലെങ്കിൽ പ്രാദേശികമായി താത്പര്യമുള്ള പേരുകൾ തെരഞ്ഞെടുക്കാം. വ്യക്‌തികളുടെ പേരുകൾ നൽകുന്നത് പലയിടത്തും തർക്കങ്ങൾക്ക് ഇടയാക്കുന്നതിനാൽ അത് പരമാവധി ഒഴിവാക്കണം. നിലവിൽ വ്യക്തികളുടെ പേരുകൾ നൽകിയിട്ടുള്ള സ്ഥലങ്ങളിൽ തൽസ്ഥിതി തുടരാമെന്നും ഉത്തരവിൽ പറയുന്നു.
കോളനി എന്ന സംബോധന അപകർഷതാബോധം ഉണ്ടാക്കുന്നതാണ്. അടിമത്തത്തിൻ്റെ പദമാണ് ഇത്. പാർപ്പിട പദ്ധതികൾക്കുൾപ്പെടെ കോളനി എന്ന് ഇനി ഉപയോഗിക്കില്ലെന്ന് കെ. രാധാകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ആലത്തൂരിൽ നിന്ന് എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനമൊഴിയാൻ കെ. രാധാകൃഷ്‌ണൻ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ക്ലിഫ് ഹൗസിലെത്തിയാണ് രാധാകൃഷ്‌ണൻ മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചത്.