കൊട്ടിയൂർ ഉത്സവനഗരി യൂത്ത് ബ്രിഗേഡിറങ്ങി ശുചീകരിച്ചു; പാൽച്ചുരം മുതൽ ഗണപതിപ്പുറം വരെ ക്ലീൻ

കൊട്ടിയൂർ: വൈശാഖോത്സവ നഗരിയും പരിസരവും റോഡരികുകളും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡുകളുടെ നേതൃത്വത്തിൽ ക്ലീൻ കൊട്ടിയൂർ ക്യാമ്പയിന്റെ ഭാഗമായി ശുചീകരിച്ചു. പൊതുവിടങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഡി.വൈ.എഫ്.ഐ നടത്തിവരുന്ന ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ക്യാമ്പയിൻ’ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ശുചീകരണം.
തലശേരി, പിണറായി, പാനൂർ, കുത്തുപറമ്പ്, ശ്രീകണ്ഠപുരം, ഇരിട്ടി, മട്ടന്നൂർ, പേരാവൂർ ബ്ലോക്കിലുള്ള 600-ഓളം യൂത്ത് ബ്രിഗേഡ് പ്രവർത്തകരാണ് പാൽച്ചുരം മുതൽ ഗണപതിപ്പുറം വരെയുള്ള പ്രദേശം ശുചീകരിച്ചത്.
ഞായറാഴ്ച രാവിലെ ഏഴിന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി, ജില്ലാ ട്രഷറർ അഡ്വ. കെ.ജി. ദിലീപ്, സംസ്ഥാന കമ്മറ്റിയംഗം പി.എം. അഖിൽ, ബ്ലോക്ക് പ്രസിഡന്റ് രഗിലാഷ് തുടങ്ങിയവർ സംസാരിച്ചു.
100 കണക്കിന് ചാക്കുകളിലായി പ്ലാസ്റ്റിക് കവറുകളും കുപ്പികളും ചില്ല് കുപ്പികളും മറ്റും വേർതിരിച്ച് ശേഖരിച്ച് കൊട്ടിയൂർ പഞ്ചായത്ത് ഹരിതകർമ്മ സേനക്ക് കൈമാറി.