ജോസ്.കെ.മാണി, ഹാരിസ് ബീരാന്‍, പി.പി.സുനീര്‍ എന്നിവര്‍ രാജ്യസഭയിലേക്ക്

തിരുവനന്തപുരം : പി.പി.സുനീര്‍ (സി.പി.ഐ), ജോസ്.കെ.മാണി (കേരളാ കോണ്‍ഗ്രസ് എം), ഹാരിസ് ബീരാന്‍ (മുസ്ലിം ലീഗ്) , എന്നിവരെ രാജ്യസഭാ എം.പി.മാരായി തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര്‍ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി പ്രഖ്യാപിക്കുന്നത്
പൊന്നാനി സ്വദേശിയായ സുനീര്‍ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവില്‍ ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. വെളിയങ്കോട് മുളമുക്കിലെ കമ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന സുനീര്‍ എ.ഐ.എസ്.എഫിലൂടെ സ്‌കൂള്‍ കാലത്ത് തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നു. വെളിയങ്കോട് ഗവ. ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡപ്യൂട്ടി ലീഡറായാണു തുടക്കം. എല്‍ത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജില്‍ പ്രീഡിഗ്രി, തുടര്‍ന്ന് തൃശൂര്‍ കേരളവര്‍മ കോളജിലെത്തിയതോടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് മാറുന്നത്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പാസായ അദ്ദേഹം രണ്ട് തവണ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചെയര്‍മാനുമായി.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ ജോസ് കെ. മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണ് മുഖ്യാധാര രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചിട്ടുണ്ട്.
സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമ പോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്.
25നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രാജ്യസഭയില്‍ കേരളത്തില്‍നിന്ന് ആകെ ഒന്‍പത് എം.പി.മാരാണുള്ളത്.