കൊട്ടിയൂരിൽ ഇന്ന് തൃക്കലശാട്ട്

കൊട്ടിയൂർ : 27 നാൾ നീണ്ട വൈശാഖോത്സവം ഇന്ന് തൃക്കലശാട്ടോടെ സമാപിക്കും. തിങ്കളാഴ്ച രാവിലെ വാകച്ചാർത്തോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണയ്ക്കും. തിങ്കളാഴ്ച രാവിലെ നടക്കുന്ന കലശാഭിഷേകത്തിന് മുൻപേ മുളന്തണ്ടുകളും ഞെട്ടിപ്പനയോലയും കൊണ്ട് നിർമിച്ച ഭഗവാന്റെ ശ്രീകോവിൽ പിഴുതെടുത്ത് പടിഞ്ഞാറെ നടയ്ക്ക് കുറുകെ തിരുവഞ്ചിറയിൽ ഉപേക്ഷിക്കും. തുടർന്ന് കലശാഭിഷേകം നടത്തും.
ഞായറാഴ്ച രാവിലെ പതിവ് പൂജകൾക്ക് ശേഷമായിരുന്നു അത്തം ചതുശ്ശതം നിവേദിച്ചത്. തുടർന്ന് ആനകളുടെ അകമ്പടിയില്ലാതെയുള്ള ഉച്ചശീവേലി. കൊട്ടിയൂരിലെത്തിച്ച ദേവതകളെയെല്ലാം വിഗ്രഹത്തിൽ നിന്ന് തിരികെ ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന വാളാട്ടവും ശേഷം കുടിപതികളുടെ തേങ്ങയേറും നടന്നു. നിത്യപൂജകൾക്ക് ശേഷം ഞായറാഴ്ച രാത്രിയോടെ കലശപൂജ തുടങ്ങി.