കാഞ്ചൻജംഗ എക്‌സ്പ്രസ് അപകടം; മരണസംഖ്യ 15 ആയി, 60 പേർക്ക് പരിക്ക്

ഡാർജിലിങ്: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ 15 ആയി. 60 പേർക്ക് പരിക്കേറ്റതായാണ് നിലവിൽ ലഭിക്കുന്ന വിവരം. ലോക്കൊ പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചു. ഡാർജിലിങ് ജില്ലയിലെ ഫാൻസിഡെവ മേഖലയിലാണ് അപകടം നടന്നത്. രംഗപാണി സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മൂന്ന് ബോഗികൾ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഡി.എം, എസ്.പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സംഭവസ്ഥലത്ത് ഉടൻ തന്നെ എത്തിയിരുന്നു. സംഭവം ഞെട്ടിക്കുന്നതെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി എക്സിലൂടെ പ്രതികരിച്ചത്.
ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ട്രെയിനുകളിലൊന്നായിട്ടും കാഞ്ചൻജംഗ എക്സ്പ്രസിനെ ഇപ്പോഴും എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളായി ഉയർത്തിയിട്ടില്ല. എൽ.എച്ച്.ബി കോച്ചുകൾ വേഗം കൂടിയതും സുരക്ഷിതവുമായതിനാൽ അപകടമുണ്ടായാൽ പരസ്പരം ഇടിച്ചുകയറില്ല. എന്നാൽ കാഞ്ചൻജംഗയിൽ ഇപ്പോഴും പരമ്പരാഗത ഐ.സി.എഫ് (ഇന്റഗ്രൽ കോച്ച് ഫാക്ടറി) കോച്ചുകളാണുള്ളത്. 1955 മുതൽ ഇതാണ് ഉപയോഗിച്ചു വരുന്നത്.