പെരുന്നാൾ വിപണി പൊള്ളുന്നു; പച്ചക്കറിക്കും മീനിനും ബീഫിനും പൊന്നും വില

Share our post

പെരുന്നാൾ വിപണിയിൽ കെെപൊള്ളിച്ച് അവശ്യ സാധന വില കുതിക്കുന്നു. ഒരാഴ്ചയായി പച്ചക്കറി, മത്സ്യം, മാംസം എന്നിവയ്ക്കെല്ലാം പൊളളും വിലയാണ്. പച്ചക്കറിക്ക് 10– 20 രൂപ വരെ വില കൂടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് 100 രൂപയുണ്ടായിരുന്ന ഉണ്ട പച്ചമുളകിന് കിലോയ്ക്ക് 160 രൂപയായി. കഴിഞ്ഞ ഒരാഴ്ചക്കിടെ പാളയം മാർക്കറ്റിൽ തക്കാളിയ്ക്ക് 58 രൂപയും മുരിങ്ങയ്ക്ക് 70 രൂപയുമായി. ബീ​ൻസി​നും പാ​വ​ക്ക​യ്ക്കും കി​ലോയ്ക്ക് 100 രൂ​പ​യാണ്. കിലോയ്ക്ക് 20 രൂപയുള്ള ചുരങ്ങയ്ക്ക് മാത്രമാണ് വില കൂടാതെ നിൽക്കുന്നത്. കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ ഉത്പാദനം കുറഞ്ഞതും കൃശിനാശമുണ്ടായതുമാണ് മലയാളിയ്ക്ക് തിരിച്ചടിയായത് .

പച്ചക്കറിക്കൊപ്പം മത്സ്യം,​ മാംസം എന്നിവയ്ക്കും വില കുതിക്കുകയാണ്. മിക്കയിനം മീനുകളുടെയും വില കിലോയ്ക്ക് 250 കടന്നു. കുറഞ്ഞ വിലയിൽ ലഭിച്ചിരുന്ന മത്തി വില കിലോയ്ക്ക് 300 ആയി. ട്രോളിംഗ് നിരോധനവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവും കുറഞ്ഞതാണ് മീൻ വില കുതിച്ചുയരാൻ കാരണമായത്. 380 മു​ത​ൽ 420 രൂ​പ​ വ​രെ​യാ​ണ് പോ​ത്തി​റ​ച്ചി​യു​ടെ വി​ല. എല്ലില്ലാത്തത് ലഭിക്കാൻ 420 രൂപ നൽകണം. മൂരിയിറച്ചിയ്ക്ക് 420 രൂപയാണ്. കിലോയ്ക്ക് 600 രൂപ ഉണ്ടായിരുന്ന ആട്ടിറച്ചിയ്ക്ക് 800 രൂപയായി.

നിയന്ത്രണമില്ലാതെ കൂടിയിരുന്ന ചിക്കൻ വില രണ്ട് ദിവസമായി കുറഞ്ഞു . കിലോക്ക് 300 വരെ എത്തിയ കോഴിയിറച്ചിയ്ക്ക് 220 രൂപയായി. കോഴി കിലോയ്ക്ക് 184 ൽ നിന്ന് 160-170 രൂപയായി. വില ഉയരാൻ തുടങ്ങിയതോടെ വിപണിയിൽ ചിക്കൻ വ്യാപാരത്തിന് നേരിയ ഇടിവ് അനുഭവപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!