പിടിച്ചു കയറ്റിയത്‌ ജീവിതത്തിന്റെ പ്ലാറ്റ്ഫോമിലേക്ക്; വി.വി. ല​ഗേഷാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം

Share our post

കണ്ണൂർ : സ്വന്തം ജീവൻ പണയപ്പെടുത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ റെയിൽവേ പൊലീസ് ഉദ്യോ​ഗസ്ഥൻ‌ വി.വി. ല​ഗേഷാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. കണ്ണൂർ സ്റ്റേഷനിൽ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിൽ നിന്നും ട്രാക്കിലേക്ക്‌ വീണയാളെ ല​ഗേഷ് സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോയാണ്‌ വൈറലായത്‌. മെയ് 26ന് രാത്രി എട്ടിന് കൊച്ചുവേളിയിൽ നിന്ന്‌ പോർബന്തറിലേക്ക് പോകുന്ന ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴായിരുന്നു സംഭവം.

വെള്ളം വാങ്ങാൻ സ്റ്റേഷനിലിറങ്ങിയ അഹമ്മദാബാദ് സ്വദേശി കുറുപ്‌ പർസോത്തംഭായി ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ചാടിക്കയറുന്നതിനിടെ വാതിൽപ്പടിയിൽനിന്ന്‌ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായ ല​ഗേഷ് ഓടിച്ചെന്ന് കൈനീട്ടി പിടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും പിടിത്തം കിട്ടിയില്ല. ഈസമയം കുറുപ്‌ പർസോത്തം ഒരുകൈ ട്രെയിനിന്റെ സ്റ്റെപ്പിൽ മുറുക്കിപിടിച്ചിരുന്നു. പിറകെ ഓടിയ ല​ഗേഷ് രണ്ടാമതും കൈനീട്ടി പർസോത്തത്തിന്റെ കൈയിൽ പിടിത്തമിട്ടെങ്കിലും വലിച്ചു കയറ്റാനായില്ല. ബഹളംകേട്ട ​ഗാർഡ് അപായസൂചന നൽകിയപ്പോൾ ലോക്കാ പൈലറ്റുമാർ ട്രെയിൻ നിർത്തി. യാത്രികനെ ഉടൻ ല​ഗേഷും മറ്റുള്ളവരുംചേർന്ന് പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു. ലഗേഷ് യാത്രക്കാരനെ രക്ഷപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ അഭിനന്ദനപ്രവാഹമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!