സിഗരറ്റ് കൊടുക്കാത്തതിന് കൊല്ലാൻ ശ്രമം; പ്രതിക്ക് മൂന്ന് കൊല്ലം തടവ്

കോഴിക്കോട് : സിഗരറ്റ് ചോദിച്ച് കൊടുക്കാത്ത വിരോധത്തിൽ ചായക്കടക്കാരനെ തിളച്ച എണ്ണയിലേക്ക് തള്ളിയിട്ടുകൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും. കൊടുവള്ളി എം.സി.പി ജംഗ്ഷനിൽ ചായക്കച്ചവടം നടത്തുന്ന ഹംസയെ കൊല്ലാൻ ശ്രമിച്ച കേസിൽ കൊടുവള്ളി ദിനേഷിനെയാണ് (45) കോഴിക്കോട് ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.വി. കൃഷ്ണൻകുട്ടി മൂന്ന് കൊല്ലം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴതുക പരിക്കേറ്റ ഹംസക്ക് നൽകണം.
ചീനച്ചട്ടിയിൽ എണ്ണ പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കെ പ്രതി കടയിൽ വന്നു സിഗരറ്റ് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായി ചീത്ത വിളിച്ച് ഹംസയെ തിളച്ച എണ്ണച്ചട്ടിയിലേക്ക് പിടിച്ചുന്തിയപ്പോൾ എണ്ണയിൽ വീണ് ഗുരുതരമായി പരിക്കേറ്റു. കൊടുവള്ളി പൊലീസ് അന്വേഷിച്ച കേസിൽ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ ഉൾപ്പടെ 13 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം.കെ. ബിജു റോഷൻ ഹാജരായി.