കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിൽ 18 പേർക്കു ഭക്ഷ്യവിഷബാധ; അഞ്ചുപേർ ഇപ്പോഴും ചികിത്സയിൽ

കണ്ണൂർ: തളാപ്പിലെ ഡയറക്ടറേറ്റ് സ്പോർട്സിന്റെ നിയന്ത്രണത്തിലുള്ള ജി.വി. രാജയുടെ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 18 പേരെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.13 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങിയെങ്കിലും അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്. ദിയ ദാസ്, മിഷൈൻ, സ്നിയ, സാന്ദ്ര, ഗോപിക എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം തുടങ്ങിയത്. 18 കുട്ടികൾക്ക് കൂട്ടത്തോടെ വയറുവേദനയും തലവേദനയും തുടങ്ങിയതോടെആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹോസ്റ്റലിലുള്ള ബാക്കിയുള്ള കുട്ടികൾക്കും പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെയും കുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയെത്തി.
രാത്രിയിൽ ഫ്രൈഡ് റൈസും ഗോബി മഞ്ചൂരിയുമാണ് കുട്ടികൾക്ക് കഴിക്കാൻ നൽകിയത്. 200 ഓളം പേരാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ വർഷംവരെ കോച്ചുമാരുടെയും ഹോസ്റ്റൽ അധികൃതരുടെയും നേതൃത്വത്തിലായിരുന്നു ഫുഡ് വിതരണം നടത്തിയിരുന്നത്.
എന്നാൽ, ഈ അധ്യയന വർഷം മുതൽ ഫുഡ് വിതരണം ഏജൻസിയെ ഏൽപ്പിക്കുകയായിരുന്നു. ഏജൻസിയുടെ താൽപര്യത്തിന് അനുസരിച്ചാണ് ഇപ്പോൾ കുട്ടികൾക്ക് ഭക്ഷണം നൽകി വരുന്നത്