മരിച്ചവരുടെ അക്കൗണ്ടുകളിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത ട്രഷറി ജീവനക്കാർക്ക് സസ്പെൻഷൻ

കഴക്കൂട്ടം (തിരുവനന്തപുരം): വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മരിച്ചവരുടെ ഉള്‍പ്പെടെ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയതായി ധനവകുപ്പിലെ പരിശോധനാ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കഴക്കൂട്ടം പോലീസും കേസെടുത്തു.
പെന്‍ഷന്‍കാരിയായ ശ്രീകാര്യം ചെറുവക്കല്‍ സ്വദേശി എം.മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്നുമാത്രം രണ്ടരലക്ഷം രൂപയാണ് നഷ്ടമായത്. ഇവര്‍ കഴക്കൂട്ടം സബ് ട്രഷറി ഓഫീസര്‍ക്കും പോലീസിലും പരാതി നല്‍കിയിരുന്നു.
ഈ മാസം 3, 4 തീയതികളിലാണ് പണം പിന്‍വലിച്ചത്. മൂന്നാംതീയതി രണ്ടുലക്ഷം രൂപയും നാലിന് 50,000 രൂപയും പിന്‍വ ലിച്ചു. പണം പിന്‍വലിച്ചത് വ്യാജ ചെക്ക് ഉപയോഗിച്ചാണെന്ന് കണ്ടെത്തി.
കഴിഞ്ഞമാസം പുതിയ ചെക്ക് ബുക്ക് നല്‍കിയെന്നാണ് ട്രഷറി അധികൃതരുടെ അവകാശവാദം. എന്നാല്‍, ചെക്ക് ബുക്കിനു താന്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നും പുതിയ ചെക്കിലെ ഒപ്പ് വ്യാജമാണെന്നും മോഹനകുമാരി പറയുന്നു. ട്രഷറിയില്‍ പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം മനസ്സിലായതെന്ന് മോഹനകുമാരി പറഞ്ഞു.