പോലീസ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് പോക്സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം

തൊടുപുഴ: പോക്‌സോ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽവെച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് പ്രതി വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. അഞ്ച് വയസ്സുകാരിയെ അമ്മയുടെ രണ്ടാം ഭർത്താവായ ഇയാൾ പീഡിപ്പിച്ചതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴിയാണ് പോലീസിന് പരാതി ലഭിച്ചത്. വീട്ടിൽ ലൈംഗിക ചൂഷണത്തിനിരയായിരുന്നെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരുവർഷം മുമ്പ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് മടങ്ങിയ കുട്ടി വീണ്ടും മാനസിക പ്രശ്‌നങ്ങൾ കാട്ടിയതോടെ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പറഞ്ഞത്. ഇതോടെ കുട്ടിയുടെ അമ്മ സി.ഡബ്ല്യു.സി.യിൽ പരാതി നൽകുകയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ഇയാളെ തൊടുപുഴക്ക് സമീപത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ്, പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ബ്ലെയ്ഡ് എടുത്ത് ഇടതു കൈയിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ ജില്ലാ ആസ്പത്രിയിലെത്തിച്ച് ചികിത്സ നൽകി. ചെറിയ പരിക്കേയുള്ളൂ. ഇയാളെ കോടതിയിൽ ഹാജരാക്കി.