എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി ചെലവേറും, ഈ ചാർജ്ജ് കൂടുന്നു

Share our post

നിങ്ങൾ എ.ടി.എം മെഷീനിൽ നിന്ന് പതിവായി പണം പിൻവലിക്കുന്നവരാണോ? എങ്കിൽ, ശ്രദ്ധിക്കണം. കാരണം, സൗജന്യമായി ഒരു നിശ്ചിത പരിധിക്ക് ശേഷം എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഇപ്പോൾ ഉയർന്ന നിരക്കുകൾ നൽകേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ എടിഎം ഓപ്പറേറ്റർമാർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായും (ആർ.ബി.ഐ) നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായും (എൻ.പി.സി.ഐ) ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇൻ്റർചേഞ്ച് ചാർജ് വർധിപ്പിക്കണമെന്ന് എടിഎം ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്നുവെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകൾ. കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് പണം പിൻവലിക്കാൻ കാർഡ് ഉപയോഗിക്കുന്ന ബാങ്കിലേക്ക് അടയ്ക്കുന്ന ചാർജാണ് എടിഎം ഇൻ്റർചേഞ്ച്.

കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി (സി.എ.ടി.എം.ഐ) ഓരോ ഇടപാടിനും ഇൻ്റർചേഞ്ച് ഫീസ് പരമാവധി 23 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെടുന്നതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ബിസിനസിന് കൂടുതൽ ഫണ്ടിംഗ് ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് എ.ടി.എം നിർമ്മാതാക്കൾ പറയുന്നത്. രണ്ട് വർഷം മുമ്പ് ഇൻ്റർചേഞ്ച് നിരക്ക് വർദ്ധിപ്പിച്ചിരുന്നു.

2021-ൽ എ.ടി.എം ഇടപാടുകളുടെ ഇൻ്റർചേഞ്ച് ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി വർധിപ്പിച്ചിരുന്നു. ഉയർന്ന ഇൻറർചേഞ്ച് ചാർജുകൾ ഉള്ളതിനാൽ, സൗജന്യ ഇടപാടുകൾക്ക് ശേഷം ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന ചാർജുകൾ വർദ്ധിപ്പിക്കാൻ ബാങ്കുകൾക്ക് കഴിയും. നിലവിൽ ഇടപാടിന് ശേഷം 21 രൂപ വരെയാണ് ഉപഭോക്താക്കളിലൽ നിന്നും ഈടാക്കുന്നത്.

നിലവിൽ, സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ കുറഞ്ഞത് അഞ്ച് ഇടപാടുകളെങ്കിലും സൗജന്യമാണ്. അതേസമയം, മൂന്ന് എ.ടി.എം ഇടപാടുകൾ സൗജന്യമായ ചില ബാങ്കുകളുമുണ്ട്. ഇതിനുശേഷം, വിവിധ ബാങ്ക് എ.ടി.എമ്മുകളിൽ നിന്ന് വ്യത്യസ്ത തരം ചാർജുകളും ഈടാക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!