മുതിർന്ന മാധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

തിരുവനന്തപുരം: മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ്, 63) അന്തരിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഐ.ജെ.ടി ഡയറക്ടർ ആയിരുന്നു. ബുധനാഴ്ച രാവിലെ 11.30-ഓടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു. മാധ്യമപ്രവർത്തന മികവിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള രാഷട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ, ഇടുക്കി ജില്ലയിലെ തങ്കമണിയിൽ പോലീസ് നടത്തിയ അതിക്രമങ്ങൾ പുറംലോകത്ത് എത്തിച്ചത് സിബി കാട്ടാമ്പള്ളി ആയിരുന്നു. മലയാള മനോരമയിൽ 38 വർഷം പത്രപ്രവർത്തകനായിരുന്ന അദ്ദേഹം, തിരുവനന്തപുരം യൂണിറ്റിൽനിന്ന് അസിസ്റ്റന്റ് എഡിറ്ററായി 2020-ൽ വിരമിച്ചു. ഭാര്യ: കൊച്ചുറാണി ജോര്‍ജ്. മക്കള്‍: അമ്മു, ജോര്‍ജ് (അയര്‍ലന്‍ഡ്), തോമസ് ജോര്‍ജ്. മരുമകന്‍: അരുണ്‍ പുളിക്കന്‍. സംസ്‌കാരം പിന്നീട്.