ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ വളകൾ അറത്തെടുത്ത സംഭവം; പ്രതികൾക്കായി തമിഴ്നാട്ടിൽ പരിശോധന

Share our post

കോട്ടയം: വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ വളകൾ അറത്തെടുത്ത് കടന്ന സംഘത്തിലെ പ്രതികൾക്കായി പോലീസ് തമിഴ്നാട്ടിൽ പരിശോധന നടത്തി. ഏപ്രിൽ 28-ന് രാമപുരം പുതുവേലി ചോരക്കുഴിയിലുള്ള വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയാണ് വീട്ടമ്മയുടെ രണ്ട് സ്വർണവളകൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത് കടന്നത്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സന്തോഷ്, വേലൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയും ഇവരെ തമിഴ്നാട്ടിലെ തേനിയിൽനിന്ന്‌ പിടികൂടുകയുമായിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്ന് മറ്റ് പ്രതികളായ മാണിക്യം, അർജുനൻ, പശുപതി എന്നിവർ കാമാക്ഷിപുരത്തുള്ളവരാണെന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുന്നതിനുവേണ്ടി തമിഴ്നാട്ടിലെ ഗ്രാമത്തിൽ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ ആയുധങ്ങളുമായി പരിശോധന നടത്തുകയായിരുന്നു.

രണ്ടുദിവസം രാത്രിയും പകലുമായി നടന്ന പരിശോധനയിൽ മോഷണത്തിനുപയോഗിച്ച ആയുധങ്ങളും രക്ഷപ്പെട്ട ബൈക്കും കണ്ടെടുത്തു. മോഷ്ടിച്ച സ്വർണം വില്പന നടത്തിയ കടയിൽനിന്നും കണ്ടെടുത്തു. മോഷണസംഘത്തിൽ ഉണ്ടായിരുന്ന മറ്റുമൂന്നുപേരുടെ ചിത്രങ്ങളും പോലീസ് കണ്ടെടുത്തു.

മോഷണം നടത്തുന്നതിന് വീടുകൾ പകൽസമയം കണ്ടെത്തി കാമാക്ഷിപുരത്തുനിന്ന്‌ ആളുകളെ വിളിച്ചുവരുത്തി രാത്രി വീടുകളുടെ വാതിലുകൾ പൊളിച്ച് മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതി. പാലാ ഡി.വൈ.എസ്.പി. കെ. സദൻ, ഇൻസ്പെക്ടർമാരായ ജോബിൻ ആന്റണി, ബി. ഉണ്ണികൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!