ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ സര്‍വകലാശാലകളില്‍ പ്രവേശനം നടക്കും; നിര്‍ണായക നീക്കവുമായി യു.ജി.സി

Share our post

ന്യൂഡല്‍ഹി: ഇനിമുതല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്കും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2024-25 അധ്യായന വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം നല്‍കാന്‍ അനുമതി നല്‍കി യു.ജി.സി ഉത്തരവിറക്കി. ജൂലൈ- ആഗസ്റ്റ്, ജനുവരി- ഫെബ്രുവരി എന്നിങ്ങനെയാകും പ്രവേശന സമയം. വിദേശ സര്‍വകലാശാലകളുടേതിന് സമാനമായി പ്രവേശന നടപടികള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നും യു.ജി.സി അധ്യക്ഷന്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.  ബോര്‍ഡ് പരീക്ഷ ഫലം വൈകല്‍, ആരോഗ്യവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ എന്നിവ കാരണം ജൂലൈ- ആഗസ്റ്റ് സമയത്ത് പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ രീതി ഉപകാരപ്രദമാകും. നിലവില്‍ പ്രവേശനം നഷ്ടപ്പെട്ടാല്‍ ഒരു വര്‍ഷം കാത്തിരിക്കണം. ഇത് ഉന്നതവിദ്യാഭ്യാസത്തില്‍ നിന്ന് പലരെയും പിന്നോട്ടടിപ്പിക്കും. പുതിയ രീതി വരുന്നതോടെ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രണ്ട് പ്രവേശന കാലയളവുകള്‍ കമ്പനികള്‍ക്ക് ക്യാമ്പസ് റിക്രൂട്ട്‌മെന്റുകല്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താന്‍ കാരണമാകും. ഇതോടെ ജോലി സാധ്യത വര്‍ധിക്കുമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫാക്കല്‍റ്റികള്‍, ലാബുകള്‍, ക്ലാസ്‌റൂമുകള്‍, എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രചോദനം നല്‍കുമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.  നിലവില്‍ ലോകത്താകമാനമുള്ള ക്യാമ്പസുകള്‍ ദ്വൈവാര്‍ഷിക പ്രവേശന രീതിയാണ് പിന്തുടരുന്നത്. ഇന്ത്യയിലും സമാനമായ രീതി നിലവില്‍ വരുന്നതോടെ അന്താരാഷ്ട്ര സഹകരണങ്ങളും, വിദ്യാര്‍ഥി കൈമാറ്റ പദ്ധതികളും വിപുലീകരിക്കാന്‍ സാധിക്കും.  നിലവില്‍ എല്ലാ സര്‍വകലാശാലകളും ദ്വൈവാര്‍ഷിക പ്രവേശനം നല്‍കണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കാന്‍ സ്ഥാപനങ്ങള്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നും ജഗദീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!