ശബരിമല ദർശനത്തിന് അനുമതി തേടി പത്തു വയസ്സുകാരി; ഹർജി തള്ളി ഹൈക്കോടതി

Share our post

കൊച്ചി: ശബരിമല ദർശത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്തുവയസ്സുകാരി നൽകിയ ഹർജി ഹൈക്കോടതി തളളി. ശബരിമല സ്ത്രീ പ്രവേശനം സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരി​ഗണനയിലുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. ബെം​ഗളൂരു നോർത്ത് സ്വദേശിയായ പത്തുവയസ്സുകാരി സമർപ്പിച്ച ഹർജി, ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, വി.ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരി​ഗണിച്ചത്. തനിക്ക് ആർത്തവം ആരംഭിച്ചില്ലെന്നും അതിനാൽ പ്രായപരിധി പരി​ഗണിക്കാതെ മണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമല ദർശനം നടത്താൻ അനുമതി നൽകണമെന്നുമായിരുന്നു പെൺകുട്ടിയുടെ ആവശ്യം. മണ്ഡലകാലം കഴിഞ്ഞതിനാൽ മാസപൂജ സമയത്ത് തീർഥാടനത്തിന് അനുമതി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നിർദേശിക്കണമെന്ന് ഹർജിക്കാരി പിന്നീട് കോടതിയിൽ ആവശ്യപ്പെട്ടു.

’10 വയസ്സിനു മുൻപ് ശബരിമലയിൽ എത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ, കോവിഡും തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും പിതാവിന്റെ അനാരോ​ഗ്യവും കാരണം തീർഥാടനം വൈകി. തീർഥാടനത്തിനായി 2023 നവംബർ 22-ന് പിതാവ് ഓൺലൈനിലൂടെ അപേക്ഷിച്ചിരുന്നു. എന്നാൽ, ഉയർന്ന പ്രായപരിധി കഴിഞ്ഞെന്ന് ചൂണ്ടികാട്ടി അപേക്ഷ നിരസിച്ചു. ആർത്തവം ആരംഭിക്കാത്തതിനാൽ ആചാരങ്ങൾ പാലിച്ച് മലകയറാൻ കഴിയും’, ഹർജിക്കാരി കോടതിയിൽ വാദിച്ചു. എന്നാൽ, 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രദർശനം പാടില്ലെന്ന ദേവസ്വം ബോർഡ് നിലപാടിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 2023 നവംബർ 27-ന് ഫയൽചെയ്ത ഹർജിയിൽ 2024 ഏപ്രിൽ എട്ടിന് കോടതി വാദം കേട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!