നമ്പർ നോക്കി കെ.എസ്.ആർ.ടി.സി ബസിൽ കയറാം; ഡെസ്റ്റിനേഷൻ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു

തിരുവനന്തപുരം: അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ ഡെസ്റ്റിനേഷൻ ബോർഡുകളിൽ സ്ഥലനാമ നമ്പർ ഉൾപ്പെടുത്തും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. ഡെസ്റ്റിനേഷൻ ബോർഡുകൾ കൊമേഴ്സ്യൽ വിഭാഗം സ്പോൺസർഷിപ്പുകൾവഴി ലഭ്യമാക്കും. ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള ബസുകളിൽ മുപ്പതിനകം പുതുക്കിയ ഡെസ്റ്റിനേഷൻ ബോർഡുകൾ സ്ഥാപിക്കാനും ജൂലൈ 31നകം ഓർഡിനറി ബസുകളടക്കം എല്ലാ ബസുകളിലും നടപ്പാക്കാനും യൂണിറ്റ്, മേഖല, വർക്‌ഷോപ് അധികൃതർക്ക് നിർദേശം നൽകി.
ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് (രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങൾ ) ഉണ്ടായിരിക്കും. ഡെസ്റ്റിനേഷൻ നമ്പർ ഒന്ന് മുതൽ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്കാണ് നൽകുക. 15 മുതൽ 99വരെ മറ്റ് കെ.എസ്.ആർ.ടി.സി ഡിപ്പോകൾ (പാറശാലയിൽനിന്ന് തുടങ്ങി കാഞ്ഞങ്ങാട് വരെ), 100 മുതൽ 199 വരെ ഓരോ ജില്ലയിലെയും സിവിൽ സ്റ്റേഷൻ, മെഡിക്കൽ കോളേജ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങൾക്കും നൽകും. ഒന്നിലധികം ജില്ലകളിൽ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ ഈ നമ്പരിനോടൊപ്പം ജില്ലാ കോഡും ചേർക്കണം. 200 മുതൽ 399വരെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങൾ എന്നിവയ്ക്കാണ് മാറ്റിവച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങൾക്ക് സ്റ്റേറ്റ് കോഡ് കൂടെ ഉണ്ടായിരിക്കും, ഡെസ്റ്റിനേഷൻ നമ്പർ ആറ് ആയിരിക്കും.