ഗോതമ്പും മണ്ണെണ്ണയും വെട്ടി കേന്ദ്രം

തിരുവനന്തപുരം: ഗോതമ്പ്, മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആർ.അനിൽ നിയമസഭയെ അറിയിച്ചു. 2022 മെയ് മുതൽ ടൈഡ് ഓവർ വിഹിതമായി കിട്ടിയിരുന്ന 6459.74 ടൺ ഗോതമ്പ് നിർത്തലാക്കി. ഇതോടെ മുൻഗണനേതര വിഭാഗത്തിലെ 50 ലക്ഷം കാർഡ് ഉടമകൾക്ക് ഗോതമ്പ് കിട്ടാത്ത സ്ഥിതിയുണ്ടാക്കി. 2-020–-21 സാമ്പത്തികവർഷത്തിൽ 37,056 കിലോലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചിരുന്നത്. ഇത് 2023–-24ൽ 7756 കിലോലിറ്ററായി.
2024–25ൽ ഇത് 3120 കിലോലിറ്ററായി ചുരുങ്ങും. ഇത് കടുത്ത മണ്ണെണ്ണ ക്ഷാമത്തിലേക്ക് നാടിനെ നയിക്കും. സബ്‌സിഡിയില്ലാത്ത മണ്ണെണ്ണ വിഹിതത്തിലും കുറവുണ്ടായി. 2021–-22 കാലയളവിൽ 21,828 കിലോലിറ്ററായിരുന്നത് 2592 കിലോലിറ്ററായി ചുരുക്കി. മുൻഗണനാ പട്ടിക നിശ്ചയിക്കുന്നതിലും അപാകതയുണ്ട്. മുൻഗണനാ കാർഡിന് അർഹമായ ഗ്രാമ, നഗര അനുപാതത്തിന്റെ ദേശീയ ശരാശരിയിൽ കേരളം വളരെ താഴെയാണ്. ബിഹാറിൽ 85.15 ശതമാനം ഗ്രാമീണരും 74.53 ശതമാനം നഗരവാസികളും ഉൾപ്പെടുമ്പോൾ കേരളത്തിലിത് 43 ശതമാനം മാത്രമാണ്. കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ടും കത്തയച്ചും ഇത് പറഞ്ഞിരുന്നു. അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയ കാര്യവും മന്ത്രിസഭയെ ഓർമിപ്പിച്ചു.