കൾച്ചറൽ ആൻഡ് റിക്രിയേഷൻ സെന്റർ; സ്‌ത്രീകൾക്ക് ഒത്തുകൂടാൻ വാർഡുകളിൽ ‘എന്നിടം’ വരുന്നു

കോഴിക്കോട്: വായിച്ചും പറഞ്ഞും പാടിയും സ്‌ത്രീകൾക്ക് ഒത്തുകൂടാനായി വാർഡുകൾതോറും ‘എന്നിടം’ കൾച്ചറൽ ആൻഡ് റിക്രിയേഷൻ സെന്റർ ഒരുങ്ങുന്നു. കുടുംബശ്രീ 26ാം വാർഷികത്തിന്റെ ഭാഗമായാണ് ‘എന്നിടം’ സജ്ജമാക്കുന്നത്. സ്‌ത്രീകളുടെ സാമൂഹിക –- സാംസ്‌കാരിക ഉന്നമനത്തിനും മാനസികാരോഗ്യം ഉറപ്പാക്കാനും അയൽക്കൂട്ടങ്ങളെ ചലനാത്മകമാക്കാനുമുള്ള വേദിയായാണ് ഓരോ ഐ.സി.ഡി.എസുകൾക്ക് കീഴിലും 17 മുതൽ പ്രവർത്തിക്കുക. ജില്ലയിൽ 1066 വാർഡുകളിലും ഇത് സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
അങ്കണവാടി, വായനശാല, ക്ലബ്ബുകൾ തുടങ്ങിയ പൊതുകേന്ദ്രങ്ങളോട് ചേർന്നാണ് ‘എന്നിടം’ ഒരുക്കുക. എല്ലായിടത്തും ലൈബ്രറികളുണ്ടാവും. ഇത് സ്‌പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തുക. യോഗങ്ങൾ, കലാപരിപാടികൾ, മറ്റു കൂട്ടായ്‌മകൾ തുടങ്ങിയവ ഇവിടെയാണ് നടത്തുക. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് കേന്ദ്രം സജ്ജമാക്കുക. മാസം അരദിവസമെങ്കിലും സാംസ്‌കാരിക–-സാമൂഹിക പ്രവർത്തനങ്ങൾ നടത്തണം. എ.ഡി.എസ് ചെയർപേഴ്‌സൺ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ ഉത്തരവാദിത്വത്തിലാവും പ്രവർത്തനം. ഒളവണ്ണ പഞ്ചായത്തിൽ എല്ലാ വാർഡിലും സമാനകേന്ദ്രങ്ങളുണ്ട്.