തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ പനിബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. എലിപ്പനിബാധിച്ചാണ് ഏറ്റവും കൂടുതൽ പേർ ചികിത്സക്കെത്തുന്നത്. പനിബാധിച്ചാൽ സ്വയംചികിത്സ പാടില്ലെന്നും ഡോക്ടറുടെ അടുത്തെത്തി ചികിത്സതേടണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.
സംസ്ഥാനത്ത് ഇതുവരെ 911 പേരാണ് എലിപ്പനിബാധിച്ച് ചികിത്സതേടിയത്. 48 പേർ മരിച്ചു. 2024 ജനുവരി മുതൽ ജൂൺ ഏഴുവരെയുള്ള കണക്കാണിത്. മേയിൽ മാത്രം 192 പേർക്ക് എലിപ്പനി ബാധിച്ചു. എട്ടുപേർ മരിച്ചു. ജൂൺ മാസത്തിൽ ഇതുവരെ വരെ 55 പേർക്കാണ് എലിപ്പനി ബാധിച്ചത്. അഞ്ചുപേർ മരിച്ചു.
നിർദേശങ്ങളിങ്ങനെ
കൈകാലുകളിൽ മുറിവുകളുള്ളപ്പോൾ വെള്ളക്കെട്ടുകളിലും മലിനജലത്തിലും ഇറങ്ങരുത്.
ജോലിക്കായി വെള്ളത്തിൽ ഇറങ്ങേണ്ടിവന്നാൽ മുറിവുകൾ വെള്ളംകടക്കാത്തവിധം പൊതിഞ്ഞ് സൂക്ഷിക്കുക.
രോഗസാധ്യത കൂടിയ ഇടങ്ങളിൽ ജോലിചെയ്യുന്നവർ കൈയുറകളും കാലുറകളും ധരിക്കുക.
ജോലിചെയ്യുന്ന കാലയളവിൽ പ്രതിപോധമരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കഴിക്കണം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഡോക്സിസൈക്ലിൻ ഗുളിക സൗജന്യമായി ലഭിക്കും.
നാല് അവയവങ്ങൾ അപകടത്തിലാകും
എലിപ്പനി സങ്കീർണമായാൽ പല ആന്തരിക അവയവങ്ങളെയും ബാധിക്കും. പ്രവർത്തനം നിലയ്ക്കും. മൾട്ടി ഓർഗൻ സിസ്റ്റം ഫെയിലിയർ എന്നാണിത് അറിയപ്പെടുന്നത്. പ്രധാനമായും നാലുതരത്തിലാണ് സങ്കീർണത വരുന്നത്.
കരൾ: കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം വരാം. കരളിന്റെ പ്രവർത്തനം നിലയ്ക്കാം. വീൽസ് സിൻഡ്രോം എന്ന സങ്കീർണാവസ്ഥ ഉണ്ടാകുന്നു.
ശ്വാസകോശം: അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ വരും. കഠിനമായ ശ്വാസംമുട്ട്, ചുമ എന്നിവ ഉണ്ടാകും.
വൃക്കകൾ: അക്യൂട്ട് കിഡ്നി ഇൻജ്വറി എന്ന അവസ്ഥ വന്ന് വൃക്കയ്ക്ക് പരാജയം സംഭവിക്കും. മൂത്രം കുറയും. ക്രിയാറ്റിനിൻ കൂടും.
ഹൃദയം: മയോഗാർഡൈറ്റിസ് എന്ന സങ്കീർണത വരും. ബി.പി. താഴും. ശ്വാസംമുട്ടും. ഹൃദയപരാജയം വരും.
രോഗാണു
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ. മാസങ്ങളോളം നശിക്കാതെ കിടക്കാനുള്ള ശേഷി.
രോഗവാഹകർ
പ്രധാനമായും എലി. കന്നുകാലികൾ, പന്നി, നായ എന്നിവയും വാഹകരാവാം. രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് രോഗം പകരാം.
പകരുന്നത്
ശരീരത്തിലെ മുറിവുകളിലൂടെയാണ് പ്രധാനമായും രോഗാണുക്കൾ പ്രവേശിക്കുക. വായ, കണ്ണ്, മൂക്ക് എന്നിവിടങ്ങളിലെ കനം കുറഞ്ഞ ശ്ലേഷ്മസ്തരം വഴിയും പകരാം.
ലക്ഷണങ്ങൾ
സാധാരണ വൈറൽ പനിയുമായി ഏറെ സാമ്യം. പനിയോടൊപ്പം അതിശക്തമായ പേശിവേദന, തലവേദന, കണ്ണിൽ ചുവപ്പ്, ശരീരത്തിൽ പാടുകൾ, മഞ്ഞപ്പിത്തം. തുമ്മലും മൂക്കൊലിപ്പുമൊന്നും എലിപ്പനിയിൽ ഉണ്ടാകില്ല.
പ്രതിരോധിക്കാൻ
മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക. തൊഴിലാളികൾ പ്രത്യേകം ശ്രദ്ധിക്കുക. ഡോക്സിസൈക്ലിൻ പ്രതിരോധമരുന്നായി അധികൃതരുടെ നിർദേശപ്രകാരം ഉപയോഗിക്കാം.
കടപ്പാട്
ഡോ. ബി. പദ്‌മകുമാർ
മെഡിസിൻ പ്രൊഫസർ,
ഗവ. മെഡിക്കൽ കോളേജ്
ആലപ്പുഴ