ദേശിയപാത നിർമ്മാണത്തിനെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

കണ്ണൂർ : ദേശിയപാതക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. തളിപ്പറമ്പ ആലിങ്കീൽ തിയറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ റിയാസ് (34) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. പിലാത്തറ വിളയാങ്കോട് എം.ജി.എം കോളേജിലേക്ക് പോകുന്ന കവലയിൽ ഹൈവെ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച സർവ്വീസ് റോഡിലായിരുന്നു അപകടം. അത് വഴി വന്ന മറ്റൊരു ഇരുചക്ര വാഹനക്കാരനാണ് എൻഫീൽഡ് ബുള്ളറ്റ് മറിഞ്ഞ് കിടക്കുന്നത് കണ്ടത്. വാഹനം നിർത്തി പരിശോധിച്ചപ്പോൾ ഒരാൾ വെള്ളക്കെട്ടിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെടടുകയും ഉടൻ പരിയാരം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തി ഇയാളെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏറെ വൈകിയാണ് റിയാസിനെ തിരിച്ചറിഞ്ഞത്.