എട്ടാം ക്ലാസുകാര്‍ക്ക് ലിറ്റില്‍ കൈറ്റ്സില്‍ അംഗമാകാം

കണ്ണൂർ : സംസ്ഥാനത്തെ സർക്കാർ- എയിഡഡ് ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് ചൊവ്വാഴ്ച വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ 15ന്. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറത്തിൽ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‍വെയർ അധിഷ്ഠിത അര മണിക്കൂർ അഭിരുചി പരീക്ഷയിൽ ലോജിക്കൽ ഗണിതം, പ്രോഗ്രാമിങ്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐ.ടി പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്നാണ് ചോദ്യങ്ങൾ.
പരീക്ഷക്ക് തയ്യാറാകുന്നവർക്ക് തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഏഴിന് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. തിരഞ്ഞെടുക്കുന്നവർക്ക് റോബോട്ടിക്സ്, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ് നിർമാണം, പ്രോഗ്രാമിങ്, ഇഗവേണൻസ്, ഹാർഡ്‌വെയർ തുടങ്ങിയ മേഖലയിൽ പരിശീലനം നൽകും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kite.kerala.gov.in