മധുരപലഹാരങ്ങളിലുള്ള കൃത്രിമ മധുരമായ സൈലിറ്റോൾ ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് പഠനം

കണ്ണൂർ: പഞ്ചസാരയ്ക്ക് പകരം വ്യാപകമായി ഉപയോഗിക്കുന്ന മധുരമായ സൈലിറ്റോൾ എന്ന കൃത്രിമ മധുരം ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. രക്തത്തിന്റെ കട്ടികൂടാനും കട്ടപിടിക്കുന്നതിനും സൈലിറ്റോളിൻ്റെ അമിത ഉപയോഗം കാരണമാകുന്നതായാണ് കണ്ടെത്തൽ. ഇതുവഴി സിരകളിലും ധമനികളിലും രക്തയോട്ടം കുറയാൻ ഇടയാക്കുന്നതായി യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
യു.എസിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കാണ് പഠനം നടത്തിയത്. സൈലിറ്റോൾ പ്ലേറ്റ്ലറ്റ് പ്രവർത്തനങ്ങളെ ബാധിച്ചാണ് രക്തക്കട്ടകൾക്ക് ഇടയാക്കുന്നത്. ഷുഗർ ഫ്രീ എന്ന പേരിലുള്ള പല മധുരപലഹാരങ്ങളിലും ച്യൂയിങ് ഗം പോലുള്ളവയിലും സൈലിറ്റോൾ ഉപയോഗിക്കുന്നുണ്ട്. ലോകത്ത് അമിതവണ്ണം, പ്രമേഹം എന്നിവ വർധിച്ചപ്പോഴാണ് പഞ്ചസാരയ്ക്ക് പകരമായി സെലിറ്റോൾ പോലുള്ള കൃത്രിമ മധുരപദാർഥങ്ങൾ പ്രചാരം നേടിയത്. പ്രകൃതിദത്തമായി പഴങ്ങളിലും മറ്റും നേർത്ത തോതിൽ കാണുന്നതാണ് സൈലിറ്റോൾ. ഇത് പിന്നീട് വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് തുടങ്ങി.
സൈലിറ്റോളിന് ഗ്ലൈസീമിക് ഇൻഡക്‌സ് കുറവാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ പതുക്കെയേ ഉയരുകയുള്ളൂ. കലോറിയും കുറവാണ്. രോഗികളിൽ നടത്തിയ നിരീക്ഷണങ്ങളും പഠനങ്ങളും അടിസ്ഥാനമാക്കിയാണ് ക്ലീവ്‌ലാൻഡ് ക്ലിനിക്കിൻ്റെ റിപ്പോർട്ട്. ചില ടൂത്ത്പേസ്റ്റിലും മൗത്ത് വാഷുകളിലും സൈലിറ്റോൾ ചേർക്കാറുണ്ട്. എറിത്രിറ്റോൾ എന്ന കൃത്രിമ മധുരം പകരുന്ന വസ്‌തുവും രക്തം കട്ടപിടിക്കാൻ ഇടയാക്കുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.