കർണാടകയിലേക്ക് ചേക്കേറിയ മലയാളി കർഷകർക്ക് കൃഷി വെല്ലുവിളിയാകുന്നു

Share our post

വെള്ളമുണ്ട: മലയാളിക്കര്‍ഷകരുടെ ഒരുകാലത്തെ വിളനിലമായിരുന്ന കര്‍ണാടകയില്‍ കൃഷി വെല്ലുവിളിയാകുന്നു. ഉയര്‍ന്ന ഉത്പാദനച്ചെലവും വിളനാശവും വിലത്തകര്‍ച്ചയുമെല്ലാമാണ് കര്‍ണാടകയിലേക്ക് കൃഷിക്കായി ചേക്കേറിയ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഇത്തവണ ഇഞ്ചിക്കും വാഴയ്ക്കും വിലകയറിയെങ്കിലും ഏറെനാളായുള്ള ഉത്പാദനത്തകര്‍ച്ചയില്‍ മിക്കവര്‍ക്കും വിലക്കയറ്റം ഗുണകരമായിരുന്നില്ല. സ്ഥലത്തിന്റെ പാട്ടത്തുക ഭൂവുടമകള്‍ വര്‍ഷംതോറും ഉയര്‍ത്തുന്നതും തദ്ദേശീയമായി കൃഷി വ്യാപിച്ചതുമെല്ലാം കന്നഡനാടില്‍ മലയാളിക്കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.

കൃഷി അനുദിനം വെല്ലുവിളിയായതോടെ തിരിച്ചെത്തിയ കര്‍ഷകര്‍ സ്വന്തംനാട്ടിലും ഇഞ്ചി പുന:കൃഷി വ്യാപിപ്പിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനുശേഷം ഇത്തവണ വയനാട്ടില്‍ ഇഞ്ചിക്കൃഷി ചെയ്യുന്ന കര്‍ഷകരുടെ എണ്ണംവര്‍ധിച്ചു. മുമ്പുകാലത്ത് കൃഷിചെയ്ത സ്ഥലങ്ങളും ഒരുക്കിയെടുത്താണ് ഇപ്പോഴത്തെ കൃഷിപരീക്ഷണം.

മഹാളി തുടങ്ങിയ രോഗങ്ങള്‍ പരക്കെ പടര്‍ന്നതും മണ്ണിന്റെ ഫലഭൂയിഷ്ഠത അന്യമായതുമെല്ലാം ഇഞ്ചിക്കൃഷിക്ക് കര്‍ഷകര്‍ക്കിടയില്‍ പ്രീതി നഷ്ടപ്പെടുത്തിയിരുന്നു. ജലസേചനസൗകര്യവും വിപുലമായ കൃഷിസൗകര്യവുമുള്ള കര്‍ണാടകയിലെ ഒരതിര്‍ത്തിമുതല്‍ മഹാരാഷ്ട്രവരെയാണ് ഇക്കാലത്തിനിടയില്‍ വയനാട്ടിലെ ഇഞ്ചിക്കര്‍ഷകര്‍ കൃഷിക്കായി കുടിയേറിയത്.

ഇഞ്ചി കഴിഞ്ഞാല്‍ വാഴക്കൃഷി പരീക്ഷണം

ആവര്‍ത്തനകൃഷി കര്‍ണാടകയിലും പ്രതീക്ഷ നല്‍കുന്നില്ല. നിരപ്പായതും വിശാലമായതുമായ കൃഷിയിടങ്ങള്‍, ജലസേചനത്തിനുള്ള സൗകര്യങ്ങള്‍, തൊഴിലാളികളുടെ ലഭ്യത, താരതമ്യേന കുറവുള്ള കൂലി, കുറഞ്ഞ ഉത്പാദനച്ചെലവ് എന്നിവയെല്ലാമായിരുന്നു കര്‍ഷകര്‍ക്ക് ഇഞ്ചിക്കൃഷിക്കായി കര്‍ണാടകയിലേക്ക് കുടിയേറുന്നതിലെ ആകര്‍ഷണം. എന്നാല്‍, ഇപ്പോള്‍ അവിടെയും സ്ഥിതിഗതികള്‍ മാറിമറിഞ്ഞു -നാഷണല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ കണ്‍വീനര്‍ എസ്.എം. റസാഖ് പറയുന്നു.

പാട്ടത്തുക ഗണ്യമായി വര്‍ധിച്ചു. ഇപ്പോള്‍ ഒരേക്കര്‍സ്ഥലത്തിന് ഒന്നരലക്ഷത്തോളം രൂപ പാട്ടംനല്‍കണം. ശരാശരി ഈസ്ഥലത്തുനിന്ന് 300 ചാക്ക് ഇഞ്ചിയെങ്കിലും വിളവും ചാക്കിന് 3000 രൂപയോളം വിലയും ലഭിച്ചാല്‍മാത്രമാണ് കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവുക. എട്ടുലക്ഷം രൂപയോളമാണ് ഒരേക്കര്‍സ്ഥലത്ത് കൃഷി നടത്താന്‍ ഇപ്പോള്‍വരുന്ന ചെലവ്. ഇതെല്ലാം കണക്കാക്കുമ്പോള്‍ കര്‍ണാടകയില്‍ ഇഞ്ചിക്കര്‍ഷകര്‍ക്ക് വെല്ലുവിളികള്‍ ഏറുകയാണ്. തൊഴിലാളിസ്ത്രീകള്‍ക്ക് ഇപ്പോള്‍ മുന്നൂറിലധികവും പുരുഷതൊഴിലാളിക്ക് അഞ്ഞൂറിലധികവും കൂലികൊടുക്കണം. മഹാളിപോലുള്ള രോഗങ്ങള്‍ ഇവിടെയും ഇപ്പോള്‍ വ്യാപകമാണ്. ഇതുകൂടാതെയുള്ള ഒട്ടനവധി പ്രതിസന്ധികള്‍ ഇഞ്ചിക്കൃഷി മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമായിമാറുകയാണ്.

ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് കര്‍ണാടകയില്‍ പ്രധാനമായും ഇഞ്ചി വിളവെടുപ്പുകാലം. ഈ സീസണില്‍ വിലതാഴ്ന്നാല്‍ സാമ്പത്തികഭദ്രതയുള്ള കര്‍ഷകര്‍ നാലുമാസംവരെയും വിളവെടുപ്പ് നീട്ടിവെക്കാറുണ്ട്. ഇതിനായി ജലസേചനസൗകര്യമടക്കം ഒരുക്കണം. ഇതിനും ചെലവേറെയാണ്. എന്നിട്ടും വില ലഭിക്കുന്നില്ലെങ്കില്‍ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പാടായിരിക്കും. കോവിഡുകാലത്തെ പ്രതിസന്ധികള്‍ക്കുശേഷം ഇത്തവണയാണ് ഇഞ്ചിക്ക് അയ്യായിരത്തിനും ആറായിരത്തിനും ഇടയില്‍ വിലകൂടിയത്.

വിലകൂടിയ കാലത്തും ഇഞ്ചി നന്നാകാത്ത കര്‍ഷകരും ഇവിടെയുണ്ട്. ഇഞ്ചിനട്ട മണ്ണില്‍ വാഴക്കൃഷി ചെയ്തും മറ്റുമാണ് ഇവിടെ കര്‍ഷകര്‍ പിടിച്ചുനില്‍ക്കുന്നത്. ഒരു വര്‍ഷം വിലകിട്ടുമ്പോള്‍ പിന്നീടുള്ള വര്‍ഷങ്ങള്‍ കൃഷി നഷ്ടമാകുന്നതും തദ്ദേശീയതലത്തില്‍ കൃഷി വ്യാപിക്കുന്നതും ഇവിടത്തെ മലയാളിക്കര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്. വെള്ളത്തിന്റെ കുറവുകൊണ്ട് കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണെന്നും കര്‍ഷകര്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!