കോഴിക്കോട്ടേക്കുള്ള ബസ്സിന് മുന്നിൽ കടുവയുടെ അത്താഴം

കോഴിക്കോട് : കെ.എസ്.ആർ.ടി.സി ബസ്സിന് മുന്നിൽ നടുറോട്ടിൽ കടുവയുടെ അത്താഴം. ബന്ദിപ്പൂർ വഴി വയനാട്ടിലേക്ക് എത്തുന്ന റോഡിലാണ് ഇര പിടിച്ചതിൻ്റെ ഒരു ഭാഗം മാംസത്തുണ്ടുമായി കടുവ പ്രത്യക്ഷപ്പെട്ടത്. ബസ് മുന്നിൽ എത്തിയിട്ടും യാതൊരു ധൃതിയും കാണിക്കാതെ കടുവ ഇരയുമായി റോഡരികിലെ പുൽകാട്ടിലേക്ക് മാറിയിരുന്നു. സ്വസ്ഥമായി തീറ്റ തുടർന്നു.
ബാഗ്ലൂരിൽ നിന്നും രാത്രി എട്ട് മണിക്ക് പുറപ്പെട്ട ബസ്സിന് മുന്നിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്. യാത്രക്കാർ ഇത് വീഡിയോയിൽ പകർത്തി. ബസ്സിന് നേരെ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ സ്ഥിരം കാണാറുള്ള ചക്രമുള്ള മൃഗം എന്ന ഭാവത്തിലാണ് കടുവ നടന്നു മറയുന്നത്. സാധാരണ വാഹനങ്ങൾ വേഗം കൂട്ടി വരുന്ന റോഡാണ്. കടുവയെ കണ്ടതിന് തൊട്ടുമുൻപിലായി ഹമ്പ് സ്ഥാപിച്ചിരുന്നു. ഇതു കാരണം യാത്രക്കാർക്ക് കടുവ കാഴ്ചയായി. കടുവയ്ക്ക് പെട്ടെന്ന് അപകടം സംഭവിക്കാതെ കടന്നു പോകാനും സമയം കിട്ടി.