സ്‌കൂൾ ക്ലാസ്‌ മുറികളിൽ ഇനി പത്രവായനാവേള

Share our post

തിരുവനന്തപുരം: കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ ക്ലാസ്‌മുറികളിൽ പത്രവായന പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പത്രവായനയ്ക്ക് പ്രത്യേകസമയം നിശ്ചയിക്കും. വായനാപോഷണ പരിപാടിക്കായി സർക്കാർ തയ്യാറാക്കിയ കരടുരേഖയിലാണ് നിർദേശം. വിശദ മാർഗരേഖ എസ്.സി.ഇ.ആർ.ടി. ഉടൻ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കും.

എല്ലാ ക്ലാസ്‌മുറിയിലും പത്രങ്ങൾ ലഭ്യമാക്കുകയും പത്രപാരായണം നിരന്തര മൂല്യനിർണയത്തിൻ്റെ ഭാഗമാക്കുകയും ചെയ്യും. ആനുകാലികമായ വായനയെ പ്രോത്സാഹിപ്പിക്കുന്ന അപഗ്രഥനാത്മകവും വിശകലനരൂപത്തിലുമുള്ള ചോദ്യങ്ങൾ പൊതുപരീക്ഷയിൽ ഉൾപ്പെടുത്തും. പത്രവായനയ്ക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.

പഠനപ്രവർത്തനങ്ങൾ

അസംബ്ലിയില്ലാത്ത ദിവസങ്ങളിൽ ക്ലാസ് തുടങ്ങും മുമ്പ് നിശ്ചിത സമയം പത്രവായന.

ആഴ്ചയിലൊരിക്കലുള്ള സർഗവേളയിൽ ഒരാഴ്‌ചത്തെ പ്രധാന വാർത്തകൾ അവതരിപ്പിക്കൽ.

യു.പി.യിലും ഹൈസ്‌കൂളിലും ആഴ്‌ചയിലൊരിക്കൽ വാർത്തകളെക്കുറിച്ച് ചർച്ച.

വാർത്താവായനയ്ക്കായി സ്കൂ‌ൾ റേഡിയോ.

സ്കൂ‌ൾ തലത്തിൽ സ്വതന്ത്രമായി പത്രം തയ്യാറാക്കൽ.

പുരോഗതി വിലയിരുത്താൻ പരീക്ഷ, ക്വിസ്, വർക്ക്ഷീറ്റ്.

ഉപജില്ല മുതൽ സംസ്ഥാന തലംവരെ മത്സരങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!