സാഹസികരുടെ ഇഷ്ടയിടമായി കേരളം; കണ്ണൂരിനും അഭിമാനിക്കാം

Share our post

കണ്ണൂർ : ആഗോള സാഹസിക ടൂറിസം മേഖലയുടെ ഹബ്ബാകാൻ കേരളം. സാഹസിക അന്താരാഷ്ട്ര മത്സരങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിച്ചതിലൂടെ കഴിഞ്ഞ വർഷം ടൂറിസം മേഖലയ്ക്ക് 23.5 കോടി രൂപ വരുമാനം ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രദേശവാസികൾക്ക് മികച്ച അവസരങ്ങൾ ലഭിച്ചതിനുപുറമേ 3000ത്തിലധികം സ്ഥിരജോലികൾ സൃഷ്ടിക്കാനും സാധിച്ചു. ഈ വർഷവും കൂടുതൽ സാഹസിക അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പാരാഗ്ലൈഡിങ്, സർഫിങ്, മൗണ്ടൻ സൈക്ലിങ്, വൈറ്റ് വാട്ടർ കയാക്കിങ് എന്നിവയിലാണ് വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മത്സരങ്ങൾ നടത്തുന്നത്. വാട്ടർ സ്പോർട്സ് അഡ്വഞ്ചർ ടൂറിസം പ്രമോട്ടർമാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് മേഖലയെ ശക്തിപ്പെടുത്തുന്നതിനും ടൂറിസംവകുപ്പിന് പദ്ധതികളുണ്ട്.

കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടക്കുന്നത്. ക്യാമ്പിങ് -സാഹസിക ടൂറിസം പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സംസ്ഥാന സർക്കാർ നേരത്തേ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാഹസിക ടൂറിസം പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ഏകദേശം 200പേർ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നു. 60 പേർ ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷത്തെ ആദ്യ പരിപാടിയായ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് മത്സരം മാർച്ചിൽ വാഗമണ്ണിലും അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ മാർച്ചിൽ വർക്കലയിലും നടന്നു.

ഇന്റർനാഷണൽ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ് (എം.ടി.ബി കേരള- 2024) ഏഴാമത് എഡിഷൻ ഏപ്രിലിൽ മാനന്തവാടി പ്രിയദർശിനി ടീ എസ്റ്റേറ്റിൽ നടന്നു. മലബാർ റിവർ ഫെസ്റ്റിവൽ കോഴിക്കോട് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരം ചാലിയാർ നദിയിലാണ് നടന്നത്. സംഘാടന മികവും സന്ദർശകരുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പത്താം പതിപ്പ് ജൂലൈ 25 മുതൽ 28 വരെ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!