അപകടകരമായ ഡ്രൈവിംഗ് സ്വയം നിയന്ത്രിക്കുക: മോട്ടോർ വാഹന വകുപ്പ്
കാസർഗോഡ് : ജീവനെടുക്കുന്ന രീതിയിലുള്ള അപകടകരമായ ഡ്രൈവിംഗ് സ്വയം നിയന്ത്രിക്കുക മാത്രമേ പോംവഴിയുള്ളുവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ. തൃക്കരിപ്പൂർ തെക്കുമ്പാട് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ച സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് കാസർഗോഡ് എൻഫോഴ്സ്മെന്‍റ് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരായ സി.വി. ജിജോ വിജയ്, പി.വി. വിജേഷ് എന്നിവർ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ദേശീയപാതയിലായാലും കെ.എസ്.ടി.പി മെക്കാഡം പാതകളിലായാലും വേഗനിയന്ത്രണം ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഇപ്പോഴില്ല. വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് സ്ഥാപിക്കുകയും പരിശോധിക്കുകയും ചെയ്തു വരുന്നുണ്ട്. എന്നാല്‍ പല പാതകളിലും ബൈക്ക് ഉള്‍പ്പെടെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് അനുവദനീയമായ വേഗതയായ മണിക്കൂറില്‍ 50 കിലോമീറ്റർ പരിധി ലംഘിക്കുന്നത് കാണാനാവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവർ സ്വയം വേഗനിയന്ത്രണം പാലിക്കുക എന്നതാണ് അഭികാമ്യമെന്നും റോഡില്‍ ഹമ്പുകള്‍ സ്ഥാപിക്കാൻ അനുമതി ഇല്ലെന്നും അധികൃതർ പറയുന്നു. സ്വന്തം ജീവൻ രക്ഷിക്കാൻ വേഗത സ്വയം നിയന്ത്രിച്ച് റോഡില്‍ വാഹനങ്ങള്‍ ഓടിക്കുക എന്നത് പാലിക്കുക മാത്രമാണ് പോംവഴി.