ഇന്ത്യക്കാര്‍ക്ക് ഇനി തായ്‌ലന്‍ഡില്‍ സ്ഥിരതാമസമാക്കാം; വിസ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍

Share our post

ന്യൂഡൽഹി : അക്ഷരാര്‍ഥത്തില്‍ ടൂറിസ്റ്റുകളുടെ സ്വര്‍ഗഭൂമികയാണ് തായ്‌ലന്‍ഡ്. സമ്പന്നമായ സംസ്‌കാരം, പ്രകൃതി സൗന്ദര്യം, ലോകത്തെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണ വൈവിധ്യം, സഹൃദയരായ ജനത. എത്ര പോയാലും മടുക്കാത്ത, എല്ലാ തരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന ഒരപൂര്‍വ ഡസ്റ്റിനേഷനാണ് തായ്‌ലന്‍ഡ്. ഒരിക്കല്‍ പോയാല്‍ അവിടെ സ്ഥിരമായി താമസിക്കാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാലിപ്പോള്‍ നിങ്ങള്‍ ഓണ്‍ലൈനായി ജോലി ചെയ്യുന്നവരാണെങ്കില്‍ അത് സാധ്യമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനമാണ് തായ്‌ലന്‍ഡ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 93 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായാണ് തായ്‌ലന്‍ഡ് ഈ പദ്ധതി തയ്യാറാക്കിയത്. അതോടൊപ്പം അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷന്‍-ഡിജിറ്റല്‍ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. തായ്ലന്‍ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പരിഷ്‌കരണങ്ങള്‍. ഈ മന്ത്രിസഭ അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരാനുള്ള ശക്തമായ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.

ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നവരെയും വിദ്യാര്‍ഥികളെയും ജോലികളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് തായ്‌ലന്‍ഡ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട സഞ്ചാരികളാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ദീര്‍ഘകാലം താമസിക്കുക എന്നതിനാലാണിത്. അടുത്ത മാസം മുതലാണ് ഈ പദ്ധതി യാഥാര്‍ഥ്യമാകുക. അതോടൊപ്പം തന്നെ ഓണ്‍ലൈനായി ജോലികള്‍ ചെയ്യുന്ന ടൂറിസ്റ്റുകള്‍ക്കായി 180 ദിവസം കാലാവധിയുള്ള വിസ നല്‍കാനും തായ്‌ലന്‍ഡിന് പദ്ധതിയുണ്ട്. 180 ദിവസം പിന്നിട്ടാല്‍ ഇത് വീണ്ടും നീട്ടി നല്‍കും. ഇത്തരത്തില്‍ അഞ്ച് വര്‍ഷം വരെ വിദേശികള്‍ക്ക് ഓണ്‍ലൈനായി ജോലി ചെയ്ത് തായ്‌ലന്‍ഡില്‍ താമസിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിജിറ്റല്‍ നൊമാഡ് വിസ എന്നറിയപ്പെടുന്ന ഇതിന് സമാനമായ വിസകള്‍ ജപ്പാനും ഇറ്റലിയുമെല്ലാം പുറത്തിറക്കിയിരുന്നു.

2023ല്‍ മാത്രം രണ്ടരക്കോടി വിദേശ വിനോദ സഞ്ചാരികളാണ് തായ്‌ലന്‍ഡില്‍ എത്തിയത്. പുതിയ പദ്ധതികളിലൂടെ ഇത് മൂന്ന് കോടിയലധികമാക്കാനാണ് തായ്‌ലന്‍ഡ് ലക്ഷ്യമിടുന്നത്. കോവിഡിന് മുന്‍പ് 3.9 കോടി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. ഈ സാഹചര്യത്തിലേക്ക് തിരിച്ചു പോകാനാണ് രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!