ഇവരിൽ കലയും ഭദ്രം; പെൺമയുടെ ഉത്സവത്തിന്‌ അരങ്ങുണർന്നു

Share our post

പിലിക്കോട്‌ (കാസർകോട്‌) : എങ്ങും കലയുടെ വെളിച്ചം നിറഞ്ഞപ്പോൾ വേദികളും ഉഷാറായി. മഴക്കോളിലും ഇടയ്‌ക്കിടെയുള്ള വെയിൽച്ചൂടിലും പതറാതെ കുടുംബിനികൾ നിറഞ്ഞാടിയപ്പോൾ കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിന്‌ കാലിക്കടവിൽ ആവേശത്തുടക്കം. 14 വേദികളിലാണ്‌ മത്സരം. 95 ഇനങ്ങളിലായി 1938 പ്രതിഭകൾ മാറ്റുരക്കുന്നു. ചന്തേര ഗവ. യു.പി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് ‘അരങ്ങ്’ സര്‍ഗോത്സവത്തിന് തുടക്കമായത്. പ്രധാന വേദിയായ കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയര്‍മാൻ എം. രാജഗോപാലന്‍ എം.എൽ.എ അധ്യക്ഷനായി. കുടുംബശ്രീ അംഗങ്ങൾക്ക്‌ പുറമെ ഓക്‌സിലറി അംഗങ്ങൾക്കും മത്സരമുണ്ട്‌. ആദ്യദിവസം സ്‌റ്റേജിതര മത്സരങ്ങളിലും നൃത്തയിനങ്ങളിലും വിവിധ ജില്ലകളിൽ നിന്നുള്ളവർ വാശിയോടെ മത്സരിച്ചു.

സർഗോത്സവത്തിൽ ആദ്യമായാണ്‌ ഓക്‌സിലറി വിഭാഗത്തിന്‌ പ്രത്യേക മത്സരം ഒരുക്കിയത്‌. ഒരു കുടുംബത്തിലെ ഒരംഗത്തിനുമാത്രമാണ്‌ സാധാരണ കുടുംബശ്രീയിൽ അംഗമാകാനാവുക. കുടുംബശ്രീ അംഗങ്ങളുള്ള കുടുംബത്തിലെ അംഗങ്ങളല്ലാത്ത 18 മുതൽ 40 വയസുവരെയുള്ള സ്‌ത്രീകൾ ഉൾപ്പെടുന്നതാണ്‌ ഓക്‌സിലറി വിഭാഗം. ഇവരിൽ 21ന്‌ മുകളിൽ പ്രായമായവർക്കാണ്‌ ഈ വിഭാഗത്തിൽ മത്സരം. 

സർഗോത്സവത്തിൽ ആദ്യദിവസത്തെ മത്സരങ്ങളിലെ ആദ്യ ഫലം എത്തിയപ്പോൾ കാസർകോട്‌ ജില്ലക്ക്‌ ഒന്നാം സ്ഥാനം. കുടുംബശ്രീ വിഭാഗം സ്‌കിറ്റ്‌ മത്സരത്തിലാണ്‌ ആതിഥേയ ടീം ഒന്നാമതെത്തിയത്‌. കഴിഞ്ഞ നാലുതവണയും സംസ്ഥാന ചാമ്പ്യന്മാരാണ്‌ കാസർകോട്‌. ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വളരുമ്പോൾ അന്ധവിശ്വാസത്തിന്റെ കുഴിയിലാണ്ടുപോകുന്ന ഇന്ത്യൻ സമൂഹത്തെയും ഇതിനുപിന്നാലെ പോകുന്നവർക്കെതിരെയുമുള്ള ആക്ഷേപഹാസ്യ അവതരണമാണ്‌ ‘നുണകളുടെ പേടകം’ എന്ന പേരിൽ അവതരിപ്പിച്ചത്‌. പടന്ന സി.ഡി.എസിലെ കലാകാരികളാണ്‌ സ്‌കിറ്റ്‌ അരങ്ങിലെത്തിച്ചത്‌. വിജേഷ് കാരിയാണ് രചനയും സംവിധാനവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!