വോട്ടർ പട്ടികയിൽ 21 വരെ പേര് ചേർക്കാം; അന്തിമ വോട്ടർ പട്ടിക ജൂലൈ ഒന്നിന്

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും. ജൂൺ 21 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടികയാണ് പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അക്ഷയ സെന്റർ, മറ്റ് സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷ നൽകാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം.
വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകൻ ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫാറത്തിൽ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.