ഉത്തരകാശിയിൽ ട്രക്കിങ് അപകടം; മലയാളി ഉൾപ്പെടെ ഒൻപത് പേര്‍ മരിച്ചു

Share our post

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ കനത്ത മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലുംപെട്ട്‌ മലയാളി ഉള്‍പ്പെടെ  ഒൻപത് പേര്‍ മരിച്ചു. 22 അംഗ സംഘത്തിലെ 13 പേരെ സൈന്യം രക്ഷപ്പെടുത്തി. പാലക്കാട് ചെർപ്പുളശേരി പാണ്ടമംഗലം വാക്കേക്കളത്തിൽ സിന്ധു (45), കന്യാകുമാരി തക്കല സ്വദേശി ആശ സുധാകര്‍ (71), സുജാത മും​ഗുര്‍വാഡി (51), ഭര്‍ത്താവ് വിനായക് മും​ഗുര്‍വാഡി (54), ചിത്ര പ്രണീത് (48), പി കെ കൃഷ്ണമൂര്‍ത്തി (50), പദ്മിനി ഹെ​ഗ്ഡെ (34), അനിത രം​ഗപ്പ (60), കെ എൻ വെങ്കടേഷ് പ്രസാദ് (53) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം ബം​ഗളൂരുവിൽ സ്ഥിരതാമസക്കാരാണ്.

കര്‍ണാടകത്തിലെ പ്രായംകൂടിയ വനിതാ പര്‍വതാരോഹകരിലൊരാളാണ് ആശ സുധാകര്‍. ഭര്‍ത്താവ് സുധാകര്‍ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. കുടുംബസമേതം 35 വർഷമായി ബംഗളൂരു കൊത്തന്നൂരിലാണ്‌ സിന്ധുവിന്റെ താമസം. ബംഗളൂരു ഡെൽ കമ്പനിയിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറാണ്. ഭർത്താവ് വിനോദ്കുമാറും സോഫ്‌റ്റ്‌വെയർ എൻജിനിയറാണ്. സിന്ധുവിന്റെ കുടുംബാംഗങ്ങൾ ബംഗളൂരുവിൽ എത്തി. സംസ്കാരം ബംഗളൂരുവിൽ നടക്കുമെന്ന് അറിയിച്ചു. അച്ഛൻ: ചന്ദ്രൻ. അമ്മ: സരസ്വതി. മക്കൾ: നീൽ നായർ, നാഷ് നായർ. സഹോദരങ്ങൾ: സുധ, സന്ധ്യ.

കൊടും തണുപ്പിൽ 
60 മണിക്കൂര്‍

ഉത്തരകാശിയിൽനിന്ന്‌ 35 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പിൽനിന്ന് 4232 മീറ്റര്‍ ഉയരത്തിലുള്ള സഹസ്ത്രതൽ തടാകം സന്ദര്‍ശിച്ച് മടങ്ങവെ തിങ്കളാഴ്ചയാണ് അപകടം. ബം​ഗളൂരുവിൽനിന്ന് 18 പേരും പുണെയിൽനിന്നുള്ള ഒരാളും ഉത്തരകാശിയിൽനിന്നുള്ള മൂന്ന്‌ ​ഗൈഡുമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഉച്ചയോടെ സഹസ്രതലിൽനിന്ന്‌ തിരിച്ചിറങ്ങുമ്പോഴുണ്ടായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും സംഘത്തിന് വഴിതെറ്റി. ടെന്റോ, ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ കൊടുംതണുപ്പിൽ പാറയ്ക്ക് അടിയിലാണ് രാത്രി കഴിഞ്ഞത്‌. 60 മണിക്കൂറിനുശേഷമാണ്‌ ദുരന്തനിവാരണ സേനയും സൈന്യവും വ്യോമസേനയും 13 പേരെ രക്ഷപ്പെടുത്തിയത്‌. ബുധനാഴ്ച അഞ്ചുപേരുടെയും വ്യാഴാഴ്ച നാലുപേരുടെയും മൃതദേ​ഹം കണ്ടെടുത്തു. ഇവ വ്യോമമാര്‍​ഗം ഡെറാഡൂണിൽ എത്തിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!