മയ്യിലിൽ പുഴയിൽ വീണ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കണ്ണൂർ : ഇരുവാപ്പുഴ നമ്പ്രത്ത് മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് ബന്ധുക്കളായ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. മയ്യിൽ പാവന്നൂർ വള്ളുവക്കോളനിയിലെ എ.വി. സത്യന്റെ മകൻ നിവേദ് (20), സഹോദരൻ സജിത്തിന്റെ മകൻ ജോബിൻ ജിത്ത് (16), ബന്ധുവായ കെ.എസ്.ആർ.ടി.സി ഡ്രൈവർ പി.പി. ബാലകൃഷ്ണന്റെ മകൻ അഭിനവ് (20) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറോടെ വീടിന് സമീപത്തെ പാവന്നൂർ ചീരാച്ചേരിക്കടവിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന ആകാശ് (14) നീന്തി രക്ഷപ്പെട്ട് ബഹളം വച്ചതിനെ തുടർന്നാണ് മറ്റുള്ളവർ വിവരമറിയുന്നത്. ഓടിക്കൂടിയ നാട്ടുകാർ മൂവരെയും കരയ്‌ക്കെടുത്ത് മയ്യിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
നിവേദ് സി.എം.എ വിദ്യാർഥിയാണ്. അഭിനവ് മട്ടന്നൂർ ഗവ. പോളിടെക്നിക് കോളേജിലും. ജോബിൻ ജിത്ത് പ്ലസ്ടുവിന് പ്രവേശനം കാത്തിരിക്കുകയാണ്. നിവേദിന്റെ അമ്മ പ്രിയ. സഹോദരി: വൈഗ. ജോബിന്റെ അമ്മ രമ്യ. സഹോദരൻ: അനയ്യ്. അഭിനവിന്റെ അമ്മ ബിന്ദു. സഹോദരി: കീർത്തന.