തിരുവനന്തപുരം: ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട് റിസൾട്ട്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി സ്കൂളിൽ പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം സ്കൂളിൽ അടയ്‌ക്കണം. മറ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം.
താൽക്കാലിക പ്രവേശനം നേടുന്നവർക്ക് വേണമെങ്കിൽ തെരഞ്ഞെടുത്ത് ഏതാനും ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാം. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റിൽ ഇടംനേടാത്തവർക്ക് അടുത്ത അലോട്ട്മെന്റുകളിൽ ഉൾപ്പെടാൻ കഴിയും. ഇവർക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരം പരിശോധിക്കാം.
12ന് രണ്ടാമത്തെ അലോട്ട്മെന്റും 19ന് മൂന്നാമത്തെ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരം നൽകിയവരും ഫൈനൽ കൺഫർമേഷൻ നൽകാത്തവരും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകണം.
ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ
യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിന്റ്, ടൈബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം.വിഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം നേടുന്നവർ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.സാമുദായിക സംവരണത്തിന് എസ്എസ്എൽസി ബുക്കിലെ സമുദായ വിവരങ്ങൾ മതി. എന്നാൽ, അതിൽനിന്ന് മാറ്റമുണ്ടെങ്കിൽ റവന്യു ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഭാഷ ന്യൂനപക്ഷമാണെന്നത് യോഗ്യത/എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഇല്ലെങ്കിൽ തദ്ദേശ ഭാഷാ ന്യൂനപക്ഷ സംഘടനയുടെ സെക്രട്ടറി/ചെയർമാൻ പ്രസ്തുത സംഘടനയുടെ അംഗത്വ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ലെറ്റർ ഹെഡിൽ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അലോട്ട്മെന്റ് വിവരങ്ങൾ
(ജില്ല, അപേക്ഷകർ, അലോട്ട്മെന്റ്
ലഭിച്ചവർ, ഒഴിവുള്ള സീറ്റ് ക്രമത്തിൽ)
തിരുവനന്തപുരം 34,588 22,775 3,590
കൊല്ലം 32,262 19,432 3,066
പത്തനംതിട്ട 13,859 8,265 1,707
ആലപ്പുഴ 25,113 13,825 3,234
കോട്ടയം 22,523 11,243 2,466
ഇടുക്കി 12,964 6,487 1,257
എറണാകുളം 38,375 20,330 4,322
തൃശൂർ 40,298 21,930 4,376
പാലക്കാട് 45,225 22,688 4,740
കോഴിക്കോട് 481,56 23,983 7,513
മലപ്പുറം 82,446 36,393 13,814
വയനാട് 12,095 7,285 1,737
കണ്ണൂർ 38,020 20,569 8,138
കാസർകോട് 20,147 10,739 4,157
ആകെ 4,66,071 2,45,944 64,117
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വോട്ട;
ഒന്നാം അലോട്ട്മെന്റില്‍ 6155 പേര്‍
പ്ലസ് വൺ ഒന്നാംവർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റിലെ സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടിയത് 6155 വിദ്യാർഥികൾ. 8559 അപേക്ഷകരാണ് ഉണ്ടായിരുന്നത്. 1842 സീറ്റാണ് ആദ്യ അലോട്ട്മെന്റിനുശേഷം ഒഴിവുള്ളത്.
ബുധൻ മുതൽ വെള്ളി വരെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം അടയ്‌ക്കണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടണം.