ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആശങ്ക ഉയര്‍ത്തി ഗൂഗിളിലേയും ഓപ്പണ്‍ എ.ഐയിലേയും വിദഗ്ദര്‍

Share our post

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ ആശങ്കയറിയിച്ച് ഓപ്പണ്‍ എ.ഐയിലേയും ഗൂഗിളിന്റെ ഡീപ്പ് മൈന്റിലേയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ എ.ഐ വിദഗ്ദര്‍. ചൊവ്വാഴ്ച ഒരു തുറന്ന കത്തിലാണ് ഇവര്‍ വളര്‍ന്നുവരുന്ന എ.ഐ സാങ്കേതിക വിദ്യ ഉയര്‍ത്തുന്ന ഭീഷണികളില്‍ ആശങ്ക ഉയര്‍ത്തിയത്.

എ.ഐ കമ്പനിയുടെ സാമ്പത്തിക മോഹങ്ങള്‍ ഫലപ്രദമായ മേല്‍നോട്ടത്തിന് തടസമാവുന്നുവെന്ന് 11 പേരടങ്ങുന്ന എ.ഐ വിദഗ്ദര്‍ തുറന്നകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോര്‍പ്പറേറ്റ് തലത്തിലുള്ള നിയന്ത്രണം ഇക്കാര്യത്തില്‍ മതിയാവുമെന്ന് തോന്നുന്നില്ലെന്ന് അവര്‍ പറയുന്നു.

നിയന്ത്രിക്കപ്പെടാത്ത എ.ഐയുടെ ഭീഷണികളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. തെറ്റായ വിവരങ്ങളുടെ വ്യാപനം മുതല്‍ മനുഷ്യന്റെ വംശനാശം വരെയുള്ള കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ മൈക്രോസോഫ്റ്റിന്റേയും ഓപ്പണ്‍ എഐയുടെയും ഇമേജ് ജനറേറ്റര്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് നിര്‍മിക്കാനാവുന്നത് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

എ.ഐ കമ്പനികള്‍ക്ക് അവരുടെ കഴിവുകളെ കുറിച്ചും പരിമിതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കണമെന്ന ബാധ്യതയില്ല. അവര്‍ സ്വമേധയാ ആ വിവരങ്ങള്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

എ.ഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും വിദഗ്ദര്‍ ആശങ്ക ഉയര്‍ത്തി രംഗത്തുവന്നിട്ടുണ്ട്. ഓപ്പണ്‍ എ.ഐയുടെയും ഗൂഗിളിന്റേയും എഐ സാങ്കേതിക വിദ്യയിലെ മുന്നേറ്റം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഇത്തരം സാങ്കേതിക വിദ്യകളെ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമ സംവിധാനങ്ങളില്ലാത്തത് വലിയൊരു വെല്ലുവിളിയാണ്. ഇത് അവസരമാക്കുകയാണ് കമ്പനികള്‍. കമ്പനികള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ടീമുകള്‍ക്ക് എത്രത്തോളം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഓപ്പണ്‍ എ.ഐയുടെ സാങ്കേതിക വിദ്യകളുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ട ടീമിന് നേതൃത്വം നല്‍കുന്നത് കമ്പനി മേധാവി ഓള്‍ട്ട്മാന്‍ തന്നെയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!