വോട്ട് വിഹിതം കുറഞ്ഞെങ്കിലും അടിച്ചുകേറിവന്ന കോണ്‍ഗ്രസ്; കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്ന ബി.ജെ.പി

കോഴിക്കോട്: സംസ്ഥാനത്ത് ബി.ജെ.പിക്ക് ചരിത്രവിജയവും യു.ഡി.എഫിന് 20-ല്‍ പതിനെട്ട് സീറ്റും സമ്മാനിച്ച തിരഞ്ഞെടുപ്പ് ഫലമാണ് ചൊവ്വാഴ്ച പുറത്തെത്തിയത്. മുന്നണികളില്‍ യു.ഡി.എഫിന് 42.51 ശതമാനം വോട്ടാണ് ലഭിച്ചത്. 2019-ല്‍ ഇത് 47.2 ശതമാനമായിരുന്നു. വോട്ട് വിഹിതത്തില്‍ കുറവുണ്ടായെങ്കിലും പൊതുതിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ മുന്നണിക്കായി. ഒരര്‍ഥത്തില്‍, 2019-ലെ ദയനീയ പരാജയത്തിന്റെ ആവര്‍ത്തനമായിരുന്നു എല്‍.ഡി.എഫിന് ഇത്തവണയും. അന്ന് ആലപ്പുഴയില്‍ കഷ്ടിച്ച് കടന്നുകൂടിയെങ്കില്‍ ഇക്കുറി കരതൊട്ടത് ആലത്തൂരില്‍ മാത്രം.
ഇരുപതിനായിരത്തിലധികം വോട്ടുകളുടെ വിജയമാണ് മന്ത്രികൂടിയായ കെ. രാധാകൃഷ്ണന് നേടാനായത്. 31.96 ശതമാനം വോട്ടാണ് ഇക്കുറി ഇടതുപക്ഷത്തിന്റെ പെട്ടിയില്‍ വീണത്. രാഹുല്‍ ഗാന്ധി തരംഗം വീശിയടിച്ച, ശബരിമല വിഷയം ചര്‍ച്ചയായ 2019-ല്‍ 31.90 ശതമാനം വോട്ടായിരുന്നു ഇടതുപക്ഷത്തിന് നേടാന്‍ കഴിഞ്ഞത്. ബി.ജെ.പിയുടെ വോട്ട് വിഹിതത്തില്‍ ക്രമാനുഗതമായ വര്‍ധയുണ്ടാകുന്നതായും കാണാം. 16.68 ശതമാനം വോട്ടും തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വമ്പന്‍ വിജയവുമാണ് കേരളം ഇക്കുറി ബി.ജെ.പിക്ക് സമ്മാനിച്ചത്. 2019-ല്‍ എന്‍.ഡി.എയുടെ വോട്ട് വിഹിതം 19.24 ശതമാനം ആയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി മറ്റുള്ളവര്‍ക്ക് ലഭിച്ചത് 8.85 ശതമാനം വോട്ടാണ്. 2019-ല്‍ ഇത് 5.3 ശതമാനമായിരുന്നു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി അടിസ്ഥാനത്തിലുള്ള വോട്ട് വിഹിതം ഇങ്ങനെ
- കോണ്‍ഗ്രസ്: 35.06%
- മുസ്‌ലിം ലീഗ്: 6.07%
- സി.പി.എം.: 25.82%
- സി.പി.ഐ.: 6.14%
- ബി.ജെ.പി.: 16.68%
- കേരള കോണ്‍ഗ്രസ് എം: 1.38%
- ബി.എസ്.പി.: 0.25%
- മറ്റുള്ളവര്‍: 7.81%
- നോട്ട: 0.79%