എടക്കാനം പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Share our post

ഇരിട്ടി : പഴശ്ശി ജലസംഭരണിയുടെ ഭാഗമായ എടക്കാനം പുഴയിൽ കാണാതായ പാനൂർ സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാനൂർ മൊകേരി പാത്തിപ്പാലം സ്വദേശി കെ.ടി. വിപിൻ(35) ൻ്റെ മൃതദേഹമാണ് ഇന്ന്  പുലർച്ചെ കണ്ടെത്തിയത്. പൊലീസിൻ്റെയും അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച്ച വൈകിട്ട് ആറു മണിയോടെയാണ് വിപിനെ എടക്കാനം പുഴയിൽ കാണാതായത്. ബംഗലുരുവിലെ ഒരു സ്വകാര്യ ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായ വിപിൻ സുഹുത്തുക്കൾക്കൊപ്പം എടക്കാനത്ത് സുഹൃത്തിൻ്റെ ബന്ധുവീട്ടിലെത്തിയതായിരുന്നു. തുടർന്ന് വിപിൻ ഉൾപ്പെടെയുള്ള നാലംഗ സംഘം പുഴ കാണാനായി സുഹൃത്തുക്കൾക്കൊപ്പം എടക്കാനം വൈദ്യരുകണ്ടി പുഴക്കരയിലെത്തിയശേഷം പുഴയിലിറങ്ങി നീന്തുന്നതിനിടെയാണ് മുങ്ങിപ്പോയത്.

നാട്ടുകാരും ഇരിട്ടിയിൽ നിന്നുമെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും ഞായറാഴ്ച്ച മുതൽ രണ്ടു ദിവസങ്ങളിലായി ഇയാൾക്കായി പുഴയിൽ തെരച്ചിൽ നടത്തിവരികയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡി.കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പാനൂർ പാത്തിപ്പാലം മുത്താറി പീടികയിൽ ഐ.കെ.ബി റോഡിൽ രാജീവ് ഗാന്ധി സ്കൂളിനടുത്ത് സുമം നിവാസിൽ രാമചന്ദ്രൻ്റെയും സുമതിയുടെയും മകനാണ് വിപിൻ. ഭാര്യ. ബിൻസി. മകൻ: ശ്രീയാൻ. സഹോദരങ്ങൾ: വിജു (ഗൾഫ്), വിദ്യ (കെ.എസ്.ഇ.ബി കണ്ണൂർ).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!