ആർ.എസ്.എസ് പ്രവർത്തകനും കുടുംബത്തിനും മർദ്ദനം: രണ്ടു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
പാനൂർ: പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം നടത്തിയ കേസിൽ രണ്ടു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. പാനൂർ സി.ഐ പ്രദീപ് കുമാറാണ് തെക്കേ പാനൂർ പുത്തൻപീടികയിൽ ആദർശ്, കീഴ്മാടത്തെ കൂലോത്ത് താഴെക്കുനിയിൽ റനീഷ് എന്നിവരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് തെക്കേ പാനൂർ വയൽ ഭാഗത്തെ കുനിയിൽ പൊയിൽ രജീഷിന്റെ വീട്ടിൽ കയറി ഒരു സംഘം അക്രമം നടത്തിയത്. രജീഷിനും ഭാര്യ നിത്യ (38), മക്കളായ അനാമിക (11), ആൽവിൻ (10) എന്നിവർക്കും മർദ്ദനമേറ്റു. വീടിന്റെ ജനലുകൾ, വാതിലുകൾ, ഫർണിച്ചറുകൾ എന്നിവ തകർത്തു. സംഭവത്തിൽ അറസ്റ്റിലായ ആദർശ്, റെനീഷ് എന്നിവരെ റിമാന്റു ചെയ്തു. കേസിൽ കണ്ടാലറിയാവുന്ന നാലോളം പ്രതികളെ ഇനിയും പിടികൂടാനുണ്ട്.