കാസർകോട്ട് ഭൂരിപക്ഷം ഇരട്ടിയാക്കി രാജ്‌മോഹൻ ഉണ്ണിത്താൻ; ജയിച്ചത് 85,117 വോട്ടിന്

കാസര്‍കോട്: സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോട്ട് രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണനെ 85,117 വോട്ടിന് പരാജയപ്പെടുത്തിയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രണ്ടാം വട്ടവും വിജയകിരീടം ചൂടിയത്. 2019-ല്‍ കാസര്‍കോട് മണ്ഡലത്തിലെ ഉണ്ണിത്താന്റെ കന്നിമത്സരത്തില്‍ 40,438 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന കെ.പി. സതീഷ് ചന്ദ്രനായിരുന്നു അന്ന് എതിരാളി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മണ്ഡലത്തില്‍ കാഴ്ച വെച്ച പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജനകീയ എം.പി. എന്ന ഖ്യാതി സമ്പാദിച്ചതുമാണ് 2019-ല്‍ ലഭിച്ചതിനെക്കാള്‍ നാല്‍പ്പതിനായിരത്തില്‍ അധികം ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ഉണ്ണിത്താന് വിജയിച്ച് കയറാന്‍ സഹായിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ 4,35,861 വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യ എതിരാളിയായ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായി എം.വി. ബാലകൃഷ്ണന്‍ 3,50,744 വോട്ടുകളാണ് നേടിയത്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ എം.എല്‍. അശ്വിനി 1,97,975 വോട്ടുകളും നേടി.
മുന്നണി സംവിധാനത്തെ ഏകോപിപ്പിച്ച ചിട്ടയായ പ്രചരണം കാഴ്ചവെച്ചതാണ് വിജയത്തിലേക്ക് നയിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിലയിരുത്തലുകള്‍. 35 വര്‍ഷത്തെ ഇടത് മേല്‍കോയ്മ തകര്‍ത്താണ് 2019-ല്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് മണ്ഡലത്തില്‍ വിജയിച്ചത്. സംസ്ഥാനത്തുടനീളമുണ്ടായിരുന്നു യു.ഡി.എഫ്. തരംഗത്തിലും പെരിയ ഇരട്ട കൊലപാതകത്തിന്റെ പശ്ചാലത്തിലുണ്ടായ ഇടത് വിരുദ്ധതയുമാണ് 2019-ലെ വിജയത്തിന് വഴിവെച്ചതെന്നായിരുന്നു വിലയിരുത്തലുകള്‍.
2019-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞ പോളിങ്ങായിരുന്നു ഇത്തവണ രേഖപ്പെടുത്തിയത്. ഇത് ഇടത് പാളയത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നെങ്കില്‍ മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടി നേട്ടമാണ് യു.ഡി.എഫിന് നല്‍കിയത്. 2019-ലെ തിരഞ്ഞെടുപ്പില്‍ 85.83% പോള്‍ ചെയ്ത പയ്യന്നൂര്‍ മണ്ഡലത്തില്‍ ഇക്കുറി 76.24 ശതമാനമാണ് വോട്ടുനില. തൃക്കരിപ്പൂരില്‍ 83.12 ശതമാനവും കല്യാശ്ശേരിയില്‍ 82.32 ശതമാനവും പേര്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ തൃക്കരിപ്പൂരില്‍ 76.24, കല്യാശ്ശേരിയില്‍ 76.56 ശതമാനമായി. കാഞ്ഞങ്ങാട്ട് 2019-ല്‍ 81.01 ശതമാനം പേര്‍ പോള്‍ ചെയ്തിടത്ത് 73.32 ശതമാനം പേര്‍ മാത്രമാണ് പോള്‍ ചെയ്തത്. ഉദുമയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അഞ്ചു ശതമാനത്തിന്റെ കുറവ്.