കുരുക്കൊഴിയാതെ കൂത്തുപറമ്പ്

Share our post

കൂത്തുപറമ്പ്: ടൗണിൽ ഗതാഗതക്കുരുക്ക് പതിവായി. ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള നിരവധി വാഹനങ്ങളും കടന്നുപോകുന്നത് കൂത്തുപറമ്പ് വഴിയാണ്. കൂടാതെ സ്‌കൂൾ തുറന്നതോടെ സ്‌കൂൾ വാഹനങ്ങളുടെ തിരക്കും. നിലവിൽ ആറ് ഹോം ഗാർഡുകൾ ആണ് ഗതാഗത നിയന്ത്രണത്തിനായി കൂത്തുപറമ്പിൽ ഉള്ളത്. വൈകുന്നേരം 4 മണിക്ക് ശേഷം നാലോളം പൊലീസ് ഉദ്യോഗസ്ഥരെയും ഗതാഗത നിയന്ത്രണത്തിനായി ചുമതലപ്പെടുത്താറുണ്ട്. ബസ് സ്റ്റാൻഡിന് പുറത്തുള്ള പ്രധാന വഴികളിലും കണ്ണൂർ റോഡിലും ആണ് കൂടുതലായി വാഹനക്കുരുക്ക് സംഭവിക്കുന്നത്. ഹോം ഗാർഡുകളുടെ സേവനം കണ്ണൂർ റോഡ് ജംഗ്ഷനിൽ മാത്രമാണ് നിലവിലുള്ളത്.

കൊട്ടിയൂർ ഉത്സവ കാലയളവിൽ കൂടുതൽ പൊലീസുകാരെ ഗതാഗത നിയന്ത്രണത്തിനായി കൂത്തുപറമ്പ് താലൂക്ക് ആസ്‌പത്രി പരിസരം, കണ്ണൂർ റോഡ് ജംഗ്ഷൻ, ബസ് സ്റ്റാന്റിന്റെ മുൻവശം, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ ചുമതലപ്പെടുത്തിയാൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്ന് വ്യാപാരികളും കാൽനടയാത്രക്കാരും പറയുന്നു.തോന്നിയ പോലുള്ള പാർക്കിംഗ് കടുപ്പം തന്നെ!സ്‌കൂൾ തുറന്നതോടു കൂടി വിദ്യാർത്ഥികൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതക്കുരുക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂത്തുപറമ്പ് മാർക്കറ്റ് മുതൽ ആസ്‌പത്രി പരിസരം വരെ പ്രധാന റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ തോന്നിയത് പോലെ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. കൊട്ടിയൂർ ഉത്സവം, സ്‌കൂൾ തുറന്ന വേളകളിൽ സാധാരണയായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി നഗരസഭയും പൊലീസും പ്രത്യേക സംവിധാനങ്ങൾ ഒരുക്കാറുണ്ടെങ്കിലും ഇത്തവണ അത്തരത്തിലുള്ള നടപടികളൊന്നും സ്വീകരിക്കാതിരുന്നത് ഗതാഗത തടസ്സത്തിനിടയാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!