എൽ.ഡി.എഫിന് ആശ്വാസമായി ആലത്തൂരിലെ കെ.രാധാകൃഷ്ണന്റെ വിജയം

ആലത്തൂർ: രമ്യാ ഹരിദാസ് ‘പാട്ടുംപാടി’ ജയിച്ചുകേറിയ ആലത്തൂരിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കെ.രാധാകൃഷ്ണൻ. തുടക്കം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി വന്ന രാധാകൃഷ്ണന്റെ വിജയം സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിക്കാതെപോയ എൽ.ഡി.എഫിന് നേരിയ ആശ്വാസം കൂടിയാണ്. വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തരൂര്‍ എന്നിവയാണ് ആലത്തൂര്‍ മണ്ഡലത്തിലുൾപ്പെടുന്ന പ്രധാന നിയമസഭാ മണ്ഡലങ്ങൾ. 2008-ല്‍ രൂപീകൃതമായ മണ്ഡലത്തിൽ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളാണുണ്ടായത്. 2009ലും 2014 ലും സി.പി.എമ്മിനെ പിന്തുണച്ച ആലത്തൂര്‍ 2019-ല്‍ സി.പി.എമ്മിനെ കൈവിടുകയായിരുന്നു. ഹാട്രിക് തേടിയിറങ്ങിയ എല്‍.ഡി.എഫിലെ പി.കെ ബിജുവിനെതിരെ 1,58,968 വോട്ടുകൾക്കായിരുന്നു അന്ന് യു.ഡി.എഫിന്റെ രമ്യ ഹരിദാസ് വിജയിച്ചത്. വീണ്ടും വിജയ പരീക്ഷണത്തിനെത്തിയ രമ്യ ഹരിദാസിനെ തറ പറ്റിച്ചാണ് രാധാകൃഷ്ണൻ ആലത്തൂർ പിടിച്ചെടുത്തത്.