‘ഹേ ബേട്ടാ, ഇഥർ, ബോർഡ് മേ ദേഖോ’

കോഴിക്കോട് : ‘ഹേ ബേട്ടാ, ഇഥർ, ബോർഡ് മേ ദേഖോ’ ജയ്സൺ മാഷ് പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ ബോർഡിലേക്കായി. കോഴിക്കോട് ബൈരായിക്കുളം ഗവ. എൽ.പി സ്കൂളിലെ ക്ലാസെടുപ്പും സംസാരവുമെല്ലാം ഹിന്ദിയിലാണ്. ആകെയുള്ള 30 വിദ്യാർഥികളിൽ 29 പേരും അതിഥി തൊഴിലാളികളുടെ മക്കൾ. കേരളത്തിന്റെ ഹൃദ്യമായ ആതിഥേയത്വം സ്വീകരിച്ച് ഇത്തവണയും ആറുപേരെത്തി. 2011ലാണ് ആദ്യമായി സ്കൂളിൽ അതിഥി വിദ്യാർഥിയെത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ എണ്ണം വർധിച്ചു. ഇംഗ്ലീഷ് മീഡിയം സിലബസ് ആണ്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷയും പഠിപ്പിക്കുന്നു. കുട്ടികൾ മലയാളം എഴുതാനും സംസാരിക്കാനും പഠിക്കുന്നുണ്ട്.
കഴിഞ്ഞവർഷം പഠിച്ചിറങ്ങിയ ആറ് പേർ സാമൂതിരി എച്ച്.എസ്.എസിലും ചിന്താവളപ്പ് ഗവ. ജി.യു.പി.യിലുമാണ് ഉപരിപഠനം നടത്തുന്നത്. ‘ഞങ്ങളുടെ നാട്ടിലെ സർക്കാർ സ്കൂൾ ഇങ്ങനെയല്ല. ഇവിടെ ഭക്ഷണവും പുസ്‌തകവും യൂണിഫോമും എല്ലാം കിട്ടുന്നു’– മഹാരാഷ്ട്ര പൂനെ സ്വദേശിയായ തരുൺ കുമാർ യാദവും ഭാര്യ സവിതയും പറയുന്നു. മക്കളായ മൻമിതും സങ്ങും ഒന്നിലും നാലിലുമാണ് പഠിക്കുന്നത്. കെ.പി. ദീപ്തി, എ.ജെ. ജയ്സൺ, ജി.എസ്. രമ്യ, ഇ.ടി. ആതിര എന്നീ അധ്യാപകരും രണ്ട് ജീവനക്കാരുമുണ്ട് സ്കൂളിൽ.