ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് വമ്പൻ വിജയം

ഇടുക്കി: ലോക് സഭാ മണ്ഡലത്തിൽ സിറ്റിംഗ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിന് വമ്പൻ വിജയം.വോട്ടെണ്ണലിൽ സമ്പൂർണ ആധിപത്യം ഡീൻ നേടിയപ്പോൾ, ഒരു ഘട്ടത്തിൽ പോലും ലീഡ് മറികടക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് സാധിച്ചില്ല.
ഒടുവിലത്തെ കണക്ക് പ്രകാരം 1,33,727 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഡീൻ വിജയിച്ചത്. ഡീൻ 4,32,372 വോട്ടും ജോയ്സ് 2,98,645 വോട്ടും സംഗീത വിശ്വനാഥൻ 91,323 വോട്ടും പിടിച്ചെന്നാണ് അവസാന കണക്ക്. 2019ൽ 1,71,053 വോട്ട് എന്ന റെക്കോഡ് ഭൂരിപക്ഷമാണ് ഡീന് ലഭിച്ചത്.വന്യമൃഗാക്രമണം, പിണറായി സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം, ഭൂതർക്കം, സമുദായം വോട്ട് അടക്കം നിരവധി ഘടകങ്ങൾ ഡീൻ കുര്യാക്കോസിന്‍റെ രണ്ടാം വിജയത്തിന് അനുകൂലമായി. വന്യമൃഗാക്രമണങ്ങളാണ് മലയോര മേഖലയെയും മണ്ഡലത്തെയും മൊത്തത്തിൽ ഉലച്ചിരുന്നു.
വന്യമൃഗാക്രമണങ്ങളിൽ സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്ന ജനവികാരം മണ്ഡലത്തിൽ ആകെ ശക്തമായിരുന്നു. വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങൾ വനം മന്ത്രിയുടെ പ്രസ്താവനകളിൽ മാത്രമായി ചുരുങ്ങി. ജലം, വൈദ്യുതി വേലി അടക്കമുള്ള സംവിധാനങ്ങൾ വനത്തിനുള്ളിൽ ഒരുക്കുന്ന കർണാടക മോഡൽ പദ്ധതികളൂടെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തടയാൻ സാധിക്കുന്നതാണ്.എന്നാൽ, ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കേണ്ടത് സർക്കാർ ചുമതലയാണെന്നിരിക്കെ കാട്ടാന ആക്രമണത്തിൽ നിരവധി ജീവൻ പൊലിയുന്നതിലെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഈ വിഷയം പൊതുജനമദ്യത്തിൽ നിലനിർത്താൻ ഡീനും യു.ഡി.എഫിനും സാധിച്ചു.
നിരവധി പേരുടെ ജീവനെടുത്ത വന്യജീവി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാനത്തിന്‍റെ മേൽ ചാർത്തിയായിരുന്നു ഡീന്‍റെ പ്രചാരണം. ഗാഡ്ഗിൽ-കസ്തൂരിരംഗൻ സമരകാലത്തും തുടർന്ന് എം.പിയായപ്പോഴും ചെയ്ത കാര്യങ്ങൾ പറഞ്ഞാണ് ജോയ്സ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. വന്യമൃഗാക്രമണത്തിൽ സംസ്ഥാന സർക്കാറിനെതിരായ വികാരങ്ങളെ മറികടക്കാനുള്ള ജോയ്സിന്‍റെ ഈ നീക്കങ്ങൾ വോട്ടായി മാറിയില്ല.