പഠനത്തിനൊപ്പം തൊഴില്‍ പരിചയവും പുസ്തകത്തിൽ

Share our post

തിരുവനന്തപുരം : പാഠപുസ്തകത്തിലെ പാഠങ്ങൾ മനഃപ്പാഠമാക്കാതെ തൊഴിൽ പരിചിതമാക്കാനായുള്ള പുസ്തകങ്ങൾ തിങ്കൾ മുതൽ സ്കൂളിന്റെ ഭാ​ഗമാകും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാ​ഗമായി അഞ്ചാം ക്ലാസ് മുതലുള്ള പുസ്തകത്തിലാണ് തൊഴിൽ പരിചയ പ്രവർത്തന ഉൾപ്പെടുത്തിയത്. കുട്ടികളിലും അധ്യാപകരിലും പൊതുസമൂഹത്തിലും അഭികാമ്യമായ തൊഴിൽ സംസ്കാരം, മൂല്യങ്ങൾ, മനോഭാവം, ആഭിമുഖ്യം, തൊഴിലാളികളോട് ആദരവ് എന്നിവ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. തൊഴിൽ നൈപുണിയെക്കുറിച്ച് അറിയുന്നതിനൊപ്പം ക്ലാസിന് പുറത്തുനിന്ന് അവ നേടാനുള്ള പരിശീലനവും നൽകും. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം തൊഴിൽ പ്രവൃത്തിപരിചയം പാഠ്യപുസ്തകത്തിന്റെ ഭാ​ഗമാക്കിയത്. സർക്കാർ ബജറ്റിൽ പരാമർശിച്ച ജ്ഞാന സമൂഹവും സമ്പദ്-വ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ അടിസ്ഥാനപരമായ പരിചയപ്പെടുത്തലാണ് പുസ്തകത്തിന്റെ ലക്ഷ്യം.

അഞ്ചാം ക്ലാസിൽ കൃഷി, ഭക്ഷ്യ വ്യവസായം, വസ്ത്ര മേഖല, പാർപ്പിടം, പാഴ്-വസ്തു പരിപാലനം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, മാധ്യമങ്ങളും വിനോദങ്ങളും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സും കരകൗശലം, ധനകാര്യം എന്നിവയാണ് ഉൾപ്പെടുത്തിയത്. ഏഴാം ക്ലാസിലാകട്ടെ പ്ലമ്പിങ്ങും വിനോദ സഞ്ചാരവും ചേർത്തു. ആറ്, എട്ട് ക്ലാസുകളിൽ അടുത്ത അധ്യയന വർഷം മുതലാണ് തൊഴിൽ പാഠപുസ്തകത്തിന്റെ ഭാ​ഗമാകുന്നത്.

ഒമ്പതാം ക്ലാസിൽ രണ്ട് ഭാ​ഗങ്ങളായാണ് പ്രവർത്തന പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. വ്യക്തിത്വവികാസം, സ്വയം ഒരുങ്ങൽ എന്നിവയുടെ പരിചയപ്പെടുത്തലിലൂടെ കുട്ടികൾക്ക് സ്വന്തം തൊഴിൽമേഖല തെരഞ്ഞെടുപ്പ് വേ​ഗത്തിൽ സാധ്യമാകുമെന്ന് എസ്.സി.ഇ.ആർ.ടി തൊഴിൽ ഉദ്ഗ്രഥിത പഠനവിഭാ​ഗം കോഓർഡിനേറ്റർ ഡോ. രഞ്ജിത് സുഭാഷ് പറഞ്ഞു. ആഴ്ചയിൽ രണ്ട് പീരിയഡ്‌ തൊഴിൽ പഠനത്തിന് ലഭിക്കും. ഒമ്പതാം ക്ലാസിൽ 30 മണിക്കൂർ പഠന സമയമാണ് നിർദേശിച്ചിട്ടുള്ളത്. അധ്യാപകർക്കുള്ള പരിശീലനം എസ്.സി.ഇ.ആർ.ടി നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!