എവിടെ സീബ്രാലൈൻ ? തലശ്ശേരി നഗരമധ്യത്തിലെ റോഡുകളിൽ സീബ്രാലൈൻ ഇല്ല

തലശ്ശേരി: നഗരമധ്യത്തിലെ റോഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ സീബ്രാലൈൻ ഇല്ല. പഴയ ബസ് സ്റ്റാൻഡിൽ എംജി റോഡിലും ദേശീയപാതയിലെ ഗുണ്ടർട്ട് റോഡിലുമായി അഞ്ചു ഹയർ സെക്കൻഡറി സ്കൂളുകളും മറ്റു ചെറു വിദ്യാലയങ്ങളും സ്ഥിതി ചെയ്യുന്നു. ഇവിടങ്ങളിലേക്ക് പോകേണ്ട ആയിരക്കണക്കിന് കുട്ടികൾ ഇന്ന് വിദ്യാലയങ്ങൾ തുറക്കുന്നതോടെ നഗരത്തിലെത്തും.
ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബിഇഎംപി ഹയർ സെക്കൻഡറി സ്കൂൾ, സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് എൽപി സ്കൂൾ, സിഎസ്ഐ സ്കൂൾ അടക്കമുള്ളവ പഴയ ബസ് സ്റ്റാൻഡിന് അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
വാഹനത്തിരക്കേറിയ റോഡുകളിൽ വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി മുറിച്ചു കടക്കാൻ ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിന് മുൻപിലും ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വഴിയിൽ കായ്യത്ത് റോഡ് തുടങ്ങുന്നിടത്തും ആസാദ് ലൈബ്രറിക്ക് സമീപത്തും ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തും പാലിശ്ശേരിയിൽ സബ് ട്രഷറിക്ക് സമീപത്തും നേരത്തെ സീബ്രാലൈൻ വരച്ചിരുന്നു.
ഇതെല്ലാം മാഞ്ഞുപോയി. സബ് ട്രഷറിയിൽ പെൻഷൻ വാങ്ങാനെത്തുന്ന ശാരീരികമായി അവശതയുള്ളവരും പ്രായമായവരും റോഡ് മുറിച്ചു കടക്കാൻ എടുക്കുന്ന സാഹസം ചില്ലറയല്ല. പല തവണ നഗരസഭ യോഗങ്ങളിലും താലൂക്ക് വികസന സമിതി യോഗത്തിലും അംഗങ്ങൾ ഈ പ്രശ്നം ഉന്നയിക്കാറുണ്ടെങ്കിലും നടപടി മാത്രം ഇല്ല. നഗരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളിൽ സീബ്രാലൈൻ അടിയന്തരമായി വരയ്ക്കുകയും വിദ്യാലയങ്ങൾ തുറന്നാൽ പ്രധാന കേന്ദ്രങ്ങളിൽ പൊലീസിന്റെ സേവനം ഉറപ്പാക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.