ബസ് എപ്പോള്‍ വരും, സീറ്റുണ്ടോ? അറിയാന്‍ ആപ്പ്, ബസില്‍ ടി.വി; കെ.എസ്.ആർ.ടി.സി.യില്‍ പരിഷ്‌കാരങ്ങൾ
കൊല്ലം: യാത്രക്കാർ ബസ് കാത്തുനിന്ന് ഇനി മുഷിയേണ്ടാ. ഓരോ റൂട്ടിലുമുള്ള കെ.എസ്.ആർ.ടി.സി. ബസ് വരുന്നത് മുൻകൂട്ടി അറിയാൻ ആപ്പ് വരുന്നു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അടുത്തുവരുന്ന കെ.എസ്.ആർ.ടി.സി. ബസുകളുടെ വിവരങ്ങളും സീറ്റ് ഒഴിവുണ്ടോ എന്നതും ആപ്പിലൂടെ അറിയാൻ കഴിയും. ജി.പി.എസ്. അധിഷ്‌ഠിതമായി ഓരോ ആറ് സെക്കൻഡിലും വിവരങ്ങൾ പുതുക്കിക്കൊണ്ടിരിക്കും. ഓൺലൈൻ റിസർവേഷൻ സൗകര്യം കൂടുതൽ വിപുലപ്പെടുത്തും. ബസിലെ ടിക്കറ്റ് വിതരണംമുതൽ വേഗംവരെ കൺട്രോൾ റൂമിൽ അറിയാനുള്ള സൗകര്യവും ഇതോടനുബന്ധിച്ച് ഉണ്ടാകും. ബസിലെ യാത്രക്കാരെ ഓരോ പ്രധാന സ്റ്റോപ്പും ടെലിവിഷൻ മുഖാന്തരം അനൗൺസ് ചെയ്‌ത് അറിയിക്കും. ടി.വി.യിൽ സ്ഥലം എഴുതിക്കാണിക്കുകയും ചെയ്യും. ഇതിനായി എല്ലാ ബസിലും ടി.വി. സജ്ജമാക്കും. ബസ് സ്റ്റേഷനുകളിലും കംപ്യൂട്ടർ അധിഷ്‌ഠിത അനൗൺസ്മെന്റ് വരും.
ബസിൽ ഭക്ഷണറാക്കും
ബിസ്ക്‌കറ്റും ലഘുപാനീയങ്ങളും മറ്റും അടങ്ങുന്ന റാക്കുകൾ ബസുകളിൽ സജ്ജീകരിക്കാൻ ആലോചനയുണ്ട്. പുതിയ എ.സി. സൂപ്പർഫാസ്റ്റ് ബസുകളിലെ ഈ പരീക്ഷണം ലാഭകരമാണെന്നു കണ്ടു. ഓരോ ഡിപ്പോയിലും കരാറുകാർ റാക്കുകളിൽ സാധനങ്ങൾ തീരുന്നതിനനുസരിച്ച് നിറയ്ക്കണം.
പരിഷ്കാരങ്ങൾ അഞ്ച് മാസത്തിനുള്ളിൽ
ആപ്പ് അധിഷ്‌ഠിതമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാകും. ആപ്പിന്റെ ട്രയൽറൺ നടക്കുന്നുണ്ട്. ഓരോ സമയത്തും എത്ര ടിക്കറ്റ് വിറ്റു, എത്ര കളക്ഷൻ ലഭിച്ചു, ഏതു ഡിപ്പോയാണ് കളക്‌ഷനിൽ മുന്നിൽ തുടങ്ങിയ വിവരങ്ങളെല്ലാം മൊബൈൽ ഫോണിൽ ലഭിക്കുന്നുണ്ട്. യാത്രക്കാർക്ക് മുൻകൂർ പണമടച്ച് വാങ്ങാവുന്ന സ്‌മാർട്ട് കാർഡുകളും ഏർപ്പെടുത്തും. ടിക്കറ്റെടുക്കാൻ ഇത് ബസിനുള്ളിൽ സ്വൈപ്പ് ചെയ്യാം. എല്ലാ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാനാവും.