നക്ഷത്ര ഹോട്ടലുകളില്‍ ‘കേരള ടോഡി’; നീന്തല്‍ക്കുളത്തിലും കള്ള് വിളമ്പാം

കൊച്ചി : നക്ഷത്ര ഹോട്ടലുകളിലെ നീന്തൽക്കുളത്തിലും കള്ള് വിളമ്പാം. ത്രീസ്റ്റാറോ അതിനുമുകളിലോ പദവിയുള്ള ഹോട്ടലുകൾക്ക് കള്ള് ചെത്തി വിൽക്കാൻ അനുമതി നൽകി അബ്‌കാരി ചട്ടത്തിൽ ഭേദഗതി വരുത്തി. 10,000 രൂപയാണ് വാർഷിക ഫീസ്. ഭക്ഷണ ശാലയിലും നടുമുറ്റത്തും ഭക്ഷണത്തിനൊപ്പം കള്ള് നൽകാം. ഫാമിലി റസ്റ്ററന്റുകളിൽ അനുമതിയില്ല. കേരള ടോഡി എന്ന പേരിൽ സംസ്ഥാനത്തിന്റെ പരമ്പരാഗത ലഹരി പാനീയമായി കള്ളിനെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
വില ഹോട്ടലുകൾക്ക് നിശ്ചയിക്കാം
ഹോട്ടൽ വളപ്പിലെ തെങ്ങുകളിൽ നിന്നും കള്ള് ചെത്തി കലർപ്പില്ലാതെ വിൽക്കാനാണ് അനുമതി. മധുരക്കള്ളും പുളിപ്പിച്ച കള്ളും വിൽക്കാം. ചെത്തിയെടുക്കുന്ന കള്ള് 48 മണിക്കൂർ ഉപയോഗിക്കാനാകും. അതുകഴിഞ്ഞാൽ നശിപ്പിക്കണം. ഓരോ ദിവസും ചെത്തിയെടുക്കുന്ന കള്ളിന്റെ അളവ് രേഖപ്പെടുത്തി സൂക്ഷിക്കണം. പുറത്ത് വിറ്റാൽ 50,000 രൂപ പിഴ. രാവിലെ 11 മുതൽ രാത്രി 11 വരെ വിൽക്കാം. ടൂറിസം കേന്ദ്രങ്ങളിൽ 12 വരെയാകാം. ബാർ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഡ്രൈഡേകളിൽ വിൽപ്പന പാടില്ല. ചട്ടമായിട്ടും ഇതുവരെ അപേക്ഷകളൊന്നും വന്നിട്ടില്ല. ചെത്താൻ തുടങ്ങിയാൽ എല്ലാദിവസവും തെങ്ങിൽനിന്നും കള്ളെടുക്കേണ്ടിവരും. ഇതാണ് തടസ്സമെന്ന് അറിയുന്നു.