ലഹരി അറിവിനോടാകാം, ഒപ്പമുണ്ട്‌ എക്സൈസ്

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമ്പോൾ പഴുതടച്ച നിരീക്ഷണ സംവിധാനവുമായി എക്സൈസ് വകുപ്പും. സ്കൂൾ പരിസരത്തുനിന്ന് ലഹരി മാഫിയയെ അകറ്റിനിർത്താനുള്ള നടപടി സ്വീകരിച്ചതായും അധ്യയനവർഷം ഉടനീളം ഇത് തുടരുമെന്നും മന്ത്രി എം.ബി രാജേഷ്‌ അറിയിച്ചു.

സംസ്ഥാനത്ത് 5440 സ്റ്റേറ്റ് സിലബസ് സ്കൂളുകളിലും 847 സെൻട്രൽ സിലബസ് സ്കൂളുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകളുണ്ട്‌. എല്ലാ സ്കൂളുകളിലും ലഹരി ക്ലബ്ബുകളും അവയുടെ കൃത്യമായി പ്രവർത്തനവും ഉറപ്പാക്കും. വിദ്യാഭ്യാസം, വനിതാ–ശിശു വികസനം, സാമൂഹ്യനീതി, പൊലീസ്, ആരോഗ്യ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നീ വകുപ്പുകൾ സഹായത്തിനുണ്ട്‌.

ടോൾഫ്രീ നമ്പർ

കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ്ങിന് 14405 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാനോ സഹായത്തിനോ എക്സൈസ് കൺട്രോൾ റൂം നമ്പറായ 9447178000ലും ബന്ധപ്പെടാം. അധ്യാപകർക്ക് രഹസ്യമായി വിവരം കൈമാറാൻ 9656178000 എന്ന നമ്പറുമുണ്ട്.

ലഹരിമുക്ത ചികിത്സ ആവശ്യമായ കുട്ടികൾക്ക് വിമുക്തി ഡീ അഡിക്‌ഷൻ കേന്ദ്രങ്ങൾ വഴിയും മറ്റ്‌ വകുപ്പുകളുമായി ബന്ധപ്പെട്ട ഡീ അഡിക്‌ഷൻ കേന്ദ്രങ്ങൾ വഴിയും ചികിത്സ നൽകും. ചികിത്സയ്‌ക്കുശേഷം തിരിച്ചെത്തുന്നവർക്ക് പുനരധിവാസത്തിന്റെ ഭാഗമായ പിന്തുണ ഉറപ്പാക്കാൻ നോഡൽ അധ്യാപകർ സഹായിക്കും.

പരിശോധന, പട്രോളിങ്‌

● സ്കൂൾപരിസരത്തും കടകളിലും ലഹരിവസ്തുക്കൾ വിൽപനയ്ക്കില്ലെന്ന്‌ ഉറപ്പാക്കാൻ പരിശോധന
● ക്ലാസുകൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പും വൈകിട്ട് ക്ലാസ് അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പും എക്സൈസ് പട്രോളിങ്‌
● പൊലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി വാഹന പരിശോധന നടത്തും
● ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ലഭ്യമാക്കും.
● എക്സൈസ് ഉദ്യോഗസ്ഥർ 
കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ്‌ നൽകും
● ഈ വർഷം 500 സ്കൂളുകളിൽകൂടി സ്പോർട്‌സ്‌ ടീമുകൾ രൂപീകരിക്കും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!